Cinemapranthan

നടന്‍ വിവേകിന്റെ മരണത്തില്‍ അഭ്യൂഹം പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി

വിവേകിന്റെ മരണം കോവിഡ് വാക്‌സിൻ എടുത്തത് കൊണ്ടാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി

null

നടന്‍ വിവേകിന്റെ മരണത്തില്‍ അഭ്യൂഹം പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്ന് ചെന്നൈ കോര്‍പ്പറേഷന്‍ കമ്മിഷണര്‍ ജി. പ്രകാശ്. വിവേകിന്റെ മരണം കോവിഡ് വാക്‌സിൻ എടുത്തത് കൊണ്ടാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി.

”കോവിഡ് വാക്‌സിനുമായി മരണത്തിന് ബന്ധമില്ലെന്ന് വ്യക്തമാക്കിയതാണ്. മികച്ച വ്യക്തിത്വത്തിനുടമയായ വിവേകിന്റെ വിയോഗം ദൗര്‍ഭാഗ്യകരമാണ്. കോവിഡ് വാക്‌സിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമപരമായ നടപടിയെടുക്കും. അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ കേസെടുക്കും”. ജി. പ്രകാശ് അറിയിച്ചു.

ഹൃദയാഘാതത്തെ തുടർന്നാണ് വിവേകിന്റെ മരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ തമിഴ് നടൻ മൻസൂർ അലിഖാൻ നടത്തിയ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ”കോവിഡ് എന്നൊന്ന് ഇല്ലെന്നും എന്തിനാണ് നിർബന്ധിച്ച് കോവിഡ് വാക്സീൻ എടുപ്പിക്കുന്നതെന്നും, ഒരു കുഴപ്പവുമില്ലായിരുന്ന വിവേകിന്റെ മരണത്തിന് കാരണം കോവിഡ് വാക്സീൻ ആണെന്നും ആരോപിച്ചു കൊണ്ട് മാധ്യമങ്ങൾക്ക് മുൻപിൽ പൊട്ടിത്തെറിക്കുകയായിരുന്നു മൻസൂർ അലിഖാൻ.

“ഇവിടെ ചോദിക്കാനും പറയാനും ആളില്ലേ. എന്തിനാണ് നിർബന്ധിച്ച് കോവിഡ് വാക്സീൻ എടുപ്പിക്കുന്നത്. കുത്തി വയ്ക്കുന്ന മരുന്നിൽ എന്തൊക്കെയുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ. ഒരു കുഴപ്പവുമില്ലായിരുന്നു വിവേകിന്. കോവിഡ് വാക്സീൻ എടുത്ത ശേഷമാണ് ഇങ്ങനെ സംഭവിച്ചത്. കഴിഞ്ഞ ഒരു വർഷമായി ‍‍ഞാൻ പറയുന്നു ഇവിടെ കോവിഡില്ലെന്ന്. ഈ കൊറോണ ടെസ്റ്റ് അവസാനിപ്പിക്കൂ. ആ നിമിഷം കോവിഡ് ഇന്ത്യയിൽ കാണില്ല. മാധ്യമങ്ങൾ ജനങ്ങളെ പേടിപ്പിക്കുകയാണ്.” മൻസൂർ അലിഖാൻ പറഞ്ഞു.

അതെ സമയം മൻസൂറിന്റെ വാദം രോഷം കൊണ്ടാണെന്നും അദ്ദേഹം പറയുന്നതിൽ വാസ്തവമില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

വിവേക് വ്യാഴാഴ്ച കോവാക്സീൻ ആദ്യ ഡോസ് സ്വീകരിക്കുന്ന ചിത്രം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നത്.

cp-webdesk

null