”പിണറായി വിജയനല്ല കടയ്ക്കൽ ചന്ദ്രൻ”. ആരോപണങ്ങൾക്ക് മറുപടി നൽകി സംവിധായകൻ സന്തോഷ് വിശ്വനാഥ്. മമ്മൂട്ടി ചിത്രം ‘വൺ’ റിലീസ് ചെയ്യാനിരിക്കെയാണ് പിണറായിയുമായി സാമ്യതയുള്ള കഥാപാത്രമാണ് മമ്മൂട്ടിയുടെ കടയ്ക്കൽ ചന്ദ്രൻ എന്ന അഭ്യൂഹങ്ങളും പരക്കുന്നത്. ആരോപണങ്ങൾക്കും അഭ്യൂഹങ്ങൾക്കും മറുപടി നൽകുകയാണ് സംവിധായകൻ സന്തോഷ് വിശ്വനാഥ്.
“ഇതുവരെ ചെയ്ത കഥാപാത്രമായോ നിലവിലെ രാഷ്ട്രീയ നേതാക്കളുമായോ യാതൊരു ബന്ധവും വരാൻ പാടില്ലായിരുന്നു എന്ന് മമ്മൂക്കയ്ക്കും ഞങ്ങൾക്കും അഭിപ്രായമുണ്ടായിരുന്നു.” സന്തോഷ് വിശ്വനാഥ് പറയുന്നു. മമ്മൂക്ക കേരളത്തിന്റെ മുഖ്യമന്ത്രിയായാൽ എങ്ങനെ ഉണ്ടാവും അതാണ് ഞങ്ങൾ ചെയ്യാൻ ശ്രമിച്ചിരിക്കുന്നത്. ഒരു പാർട്ടിയുടേയോ കൊടിയുടെയോ തണലിൽ ഉള്ള ചിത്രമല്ല ഇതെന്നും സംവിധായകൻ പറയുന്നു. ഒരു പാർട്ടിയുടെ പേരോ, ചട്ടക്കൂടോ, അതിർവരമ്പുകളോ, കോടിയുടെ നിറമോ ഒന്നുമില്ലാതെയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.
‘സിനിമ പ്രാന്തന്’ നൽകിയ അഭിമുഖത്തിലാണ് സന്തോഷ് വിശ്വനാഥ് ‘വണ്ണിന്റെ’ വിശേഷങ്ങൾ പങ്കു വെക്കുന്നത്. അഭിമുഖത്തിന്റെ പൂർണ്ണരൂപം ഇന്ന് വൈകിട്ട് സിനിമാ പ്രാന്തന്റെ ഫേസ്ബുക് പേജിൽ റിലീസ് ചെയ്യും.