രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച പ്രതികരണങ്ങളുമായി പ്രേക്ഷക ശ്രദ്ധ നേടിയ ‘മ്യൂസിക്കൽ ചെയറിന്’ നെറ്റ്പാക്ക് പുരസ്‌കാരം. വിപിൻ ആറ്റ്‌ലി എഴുതി സംവിധാനം ചെയ്ത ‘മ്യൂസിക്കൽ ചെയർ’ ചലച്ചിത്രമേളയുടെ തിരുവനന്തപുരം, കൊച്ചി, തലശ്ശേരി പതിപ്പുകളിൽ മികച്ച അഭിപ്രായമാണ് നേടിയത്. ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന് ഏറെ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു.
32 വയസ്സായ മാർട്ടിൻ എന്ന എഴുത്തുകാരനായ യുവാവ് മരണ ഭയത്താൽ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളും , കാലിക പ്രസ്കതിയുമുള്ള വിഷയങ്ങളുമാണ് ‘മ്യൂസിക്കൽ ചെയർ’ ചർച്ച ചെയ്യുന്നത്. മെയിൻ സ്ട്രീം ടി വി ആപ്പിലൂടെ ചിത്രം നേരത്തെ പ്രദർശനത്തിന് എത്തിയിരുന്നു. മാർട്ടിൻ എന്ന എഴുത്തുകാരന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം. മരണം സംഭവിച്ചേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങൾ മാർട്ടിനുള്ളതിനാൽ മരണ ഭയം എപ്പോഴും മാർട്ടിനെ വേട്ടയാടുകയാണ്. മരണത്തിന്റെ കാരണം തേടിയുള്ള മാർട്ടിന്റെ യാത്രയാണ് മ്യൂസിക്കൽ ചെയറിന്റെ പ്രമേയം. സ്പൈറോഗിറയുടെ ബാനറിൽ അലൻ രാജൻ മാത്യു ആണ് ചിത്രത്തിന്റെ നിർമാണം.
ഹോംലി മീൽസ്, ബെൻ, വട്ടമേശ സമ്മേളനം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വിപിൻ ആറ്റ്‌ലി. കോവിഡ് കാലത്ത് മലയാളത്തിൽ ടിക്കറ്റ് വച്ച് ആദ്യമായി ഒടിടി റിലീസ് ചെയ്ത ചിത്രം മ്യൂസിക്കൽ ചെയറായിരുന്നു. ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ 17000 ടിക്കറ്റുകൾ വിറ്റുപോയെന്ന് വിപിൻ ആറ്റ്ലി പറയുന്നു.