Cinemapranthan

ജിത്തു ജോസഫ് തന്റെ അസ്സോസ്സിയേറ്റിനെ മാറ്റി മറിച്ചതെങ്ങനെ?

ദൃശ്യം രണ്ടാം ഭാഗത്തിൽ ചീഫ് അസ്സോസിയേറ്റ് ആയി പ്രവർത്തിക്കുകയായിരുന്നു സുധീഷ് രാമചന്ദ്രൻ

null

ദൃശ്യം 2 സൂപ്പർ ഹിറ്റ് വിജയവുമായി മുന്നേറുമ്പോൾ ചിത്രത്തിന്റെ വിജയത്തിനായി അണിയറയിൽ പ്രവർത്തിച്ചവരെക്കുറിച്ച് പറയാതെ വയ്യ. ദൃശ്യം ആദ്യ ഭാഗത്തിൽ സംവിധായകനായ ജിത്തു ജോസഫിനൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ച വ്യക്തിയാണ് സുധീഷ് രാമചന്ദ്രൻ. അന്ന് മുതൽ ജിത്തു ജോസഫിന്റെ എല്ലാ ചത്രങ്ങളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. ഇന്ന് ദൃശ്യം രണ്ടാം ഭാഗത്തിൽ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയി എത്തി നിൽക്കുമ്പോൾ സുധീഷ് രാമചന്ദ്രൻ എന്ന വ്യക്തിയെ പറ്റിയും ജീത്തു ജോസഫ് അദ്ദേഹത്തിന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും അറിയേണ്ടതുണ്ട് !!

സംഗീത സംവിധായകനായ സെജോ ജോൺ ആണ് ആദ്യമായി സുധീഷ് രാമചന്ദ്രനെ ജിത്തു ജോസഫിന് പരിചയപ്പെടുത്തുന്നത്. ദിലീപ് നായകനായ മൈ ബോസ് എന്ന ചിത്രത്തിന്റെ തിരക്കഥ തമിഴിലേക്ക് മാറ്റുന്നതിന് വേണ്ടിയാണു സുധീഷ് ജീത്തു ജോസഫിനെ ആദ്യമായി കാണുന്നത്. അങ്ങനെയാണ് ദൃശ്യം ആദ്യ ഭാഗത്തിൽ സംവിധാന സഹായിയാവാനുള്ള അവസരം സുധീഷ് രാമചന്ദ്രനെ തേടിയെത്തുന്നത്. തുടർന്ന് ബോഡി എന്ന ഹിന്ദി ചിത്രം ആദി, എന്നീ രണ്ട് ചിത്രങ്ങളൊഴിച്ച് ജിത്തു ജോസഫിന്റെ എല്ലാ ചിത്രത്തിലും അദ്ദേഹം സംവിധാന സഹായിയായി.

മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി എന്നചിത്രം മുതലാണ് സുധീഷ് രാമചന്ദ്രൻ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആകുന്നത്. തുടർന്ന് ദൃശ്യം രണ്ടാം ഭാഗത്തിലും സുധീഷ് രാമചന്ദ്രൻ ചീഫ് അസ്സോസിയേറ്റ് ആയി പ്രവർത്തിക്കുകയായിരുന്നു. തന്റെ സിനിമകളിലെല്ലാം സംവിധാന സഹായിയായി പ്രവർത്തിച്ച സുധീഷ് രാമചന്ദ്രനെ ജീത്തു ജോസഫ് അസ്സോസിയേറ്റ് ഡയറക്ടർ ആക്കി എന്നതിനപ്പുറം നമുക്ക് അറിയാത്ത ഒരു കാര്യം കൂടിയുണ്ട്. ഒരു ത്രില്ലെർ സംവിധായകൻ കൂടിയായ ജിത്തു ജോസഫിനെ തേടി നിരവധി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രങ്ങളുടെ തിരക്കഥകൾ എത്താറുണ്ട്. എന്നാൽ തന്റെ എല്ലാ ചിത്രങ്ങളിലും സഹായിയായി ഒപ്പമുണ്ടായിരുന്ന സുധീഷ് രാമചന്ദ്രൻ ഒരു സ്വതന്ത്ര സംവിധായകനായി കാണണമെന്ന ആഗ്രഹമുള്ളതു കൊണ്ട് ജീത്തു ജോസഫ് തന്നെ തേടി വരുന്ന ത്രില്ലർ സ്ക്രിപ്റ്റുകളിൽ സുധീഷിന് ചെയ്യുവാൻ കഴിയും എന്ന് വിശ്വാസമുള്ള സ്ക്രിപ്റ്റുകൾ അദ്ദേഹത്തിന് നൽകാറുണ്ട്. തന്റെ കൂടെ നിൽക്കുന്ന എല്ലാവരും ഇൻഡിപെൻഡന്റ് ആകണമെന്ന് ജീത്തു ജോസഫ് എന്ന സംവിധാകൻ ആഗ്രഹിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് വരെ അവസരം നൽകുന്ന അദ്ദേഹം അങ്ങനെ ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

പാപനാശം, ഊഴം തുടങ്ങിയ ചിത്രങ്ങളിലെല്ലാം അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ച സുധീഷ് രാമചന്ദ്രൻ പാപനാശം ചിത്രത്തിന്റെ തിരക്കഥ അവതരിപ്പിക്കുവാൻ വേണ്ടി കമൽഹാസ്സനെ കാണാൻ ജിത്തു ജോസഫിനൊപ്പവും ഉണ്ടായിരുന്നു. പാപനാശത്തിൽ ജിത്തു ജോസഫിന്റെ സംവിധാന സഹായിയായി പ്രണവ് മോഹൻലാലിനൊപ്പം സുധീഷ് രാമചന്ദ്രനും പ്രവർത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ മോഹൻലാലിനെ പോലെ പ്രണവ് മോഹൻലാലുമായും ഇദ്ദേഹം അടുത്ത സൗഹൃദം സൂക്ഷിക്കുന്നു. മാത്രവുമല്ല സംവിധാന സഹായി എന്നതിനപ്പുറം അഭിനയത്തിലും ഇദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പാപനാശത്തിൽ ഓട്ടോ ഡ്രൈവറുടെ വേഷം കൈകാര്യം ചെയ്തിരുന്നത് ഇദ്ദേഹമാണ്.

തന്നെ പോലെ തന്നെ തന്റെ സംവിധാന സഹായിയും ഒരു ത്രില്ലർ സംവിധായകനാകാൻ ജീത്തു ജോസഫ് ആഗ്രഹിക്കുകയാണ് ! നാളെ മലയാള സിനിമക്ക് ജീത്തു ജോസഫിന്റെ ശിക്ഷ്യത്വത്തിൽ മറ്റൊരു ”ക്ലാസിക് ക്രിമിനൽ സംവിധായകൻ” കൂടി വരുമെന്നത് ആവേശത്തോടെ പ്രേക്ഷകർ കാത്തിരിക്കുകയാണ്.. ഒപ്പം ഇനിയും നല്ല ത്രില്ലർ ചിത്രങ്ങൾക്ക് വേണ്ടിയും..

cp-webdesk

null