Cinemapranthan

‘1921 പുഴമുതൽ പുഴവരെ’ പൂജയും സ്വിച്ചോണും നടന്നു; മുഖ്യാതിഥിയായി സന്ദീപ് വാര്യറും

ഫെബ്രുവരി 20ന് വയനാട്ടിൽ വെച്ചാണ് ചിത്രീകരണം ആരംഭിക്കുന്നത്

null

1921ലെ മലബാർ സമരത്തിന്റെ പശ്ചാത്തലത്തിൽ അലി അക്ബർ സംവിധാനം ചെയ്യുന്ന ‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിൻറെ പൂജ, സ്വിച്ചോൺ, ഗാന സമർപ്പണം എന്നിവ നടന്നു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ചടങ്ങുകൾ. സ്വാമി ചിദാനന്ദപുരിയാണ് പൂജയും സ്വിച്ചോണും നിർവഹിച്ചത്. തിരക്കഥാകൃത്തും നോവലിസ്റ്റുമായ പി.ആർ.നാഥൻ, ബിജെപി നേതാവ് സന്ദീപ് വാര്യർ,ചലച്ചിത്രതാരം കോഴിക്കോട് നാരായണൻനായർ തുടങ്ങിയവർ പങ്കെടുത്തു. ഫെബ്രുവരി 20ന് വയനാട്ടിൽ വെച്ചാണ് ചിത്രീകരണം ആരംഭിക്കുന്നത്.

‘1921പുഴമുതൽ പുഴവരെ പ്രയാണമാരംഭിക്കുന്നു… നന്ദി കൂടെയുണ്ടാവണം…’എന്നാണ് പൂജാ ചിത്രങ്ങൾ പങ്കുവച്ച് അലി അക്ബർ ഫേസ്ബുക്കിൽ കുറിച്ചു

25 മുതല്‍ 30 ദിവസം വരെയാണ് ആദ്യ ഷെഡ്യൂള്‍. മൂന്ന് ഷെഡ്യൂളുകളായിട്ടായിരിക്കും ചിത്രം പൂര്‍ത്തിയാക്കുക. ഒട്ടേറെ വിവാദങ്ങൾക്ക് ഇടയിലാണ് ഈ ചിത്രം പ്രഖ്യാപിക്കുന്നത്. പൃഥ്വിരാജ് നായകനായി ആഷിക് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ സിനിമ പ്രഖ്യാപിച്ചതോടെയായിരുന്നു വിവാദം. തൊട്ടുപിന്നാലെ ഇതേ പ്രമേയം അടിസ്ഥാനമാക്കി നാല് സിനിമ ഇറങ്ങുന്നു എന്ന വിവരങ്ങളും പുറത്ത് വന്നിരുന്നു. അതിലൊന്നാണ് അലി അക്ബറിന്റേത്.

ഹരി വേണുഗോപാലാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്. അലി അക്ബര്‍ തന്നെയാണ് ഗാനങ്ങള്‍ക്ക് വരികള്‍ എഴുതുന്നത്. ഏകദേശം 151 സീനുകള്‍ ആണ് ചിത്രത്തിനുള്ളതെന്നും വലിയ സിനിമയായതിനാല്‍ ഒരുപാട് കഥാപാത്രങ്ങള്‍ സിനിമയുടെ ഭാഗമാണെന്നും അലി അക്ബര്‍ പറഞ്ഞു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അദ്ദേഹം തന്റെ സിനിമയെ കുറിച്ച് പറഞ്ഞത്.

ചിത്രത്തിൽ പല പ്രമുഖ താരങ്ങളും ഭാഗമാകുന്നുണ്ടെന്നും സൈബർ ആക്രമണം ഭയന്നാണ് പലരുടെയും പേര് പുറത്തുപറയാത്തതെന്നും അലി അക്ബർ നേരത്തെ പറഞ്ഞിരുന്നു. അലി അക്ബറിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച മമധര്‍മ്മ എന്ന സംഘടനയുടെ പേരിൽ ജനങ്ങളിൽ നിന്ന് പണം സ്വരൂപിച്ചാണ് സിനിമ നിർമ്മിക്കുന്നത്. ചിത്രത്തിന് ജനങ്ങളിൽ നിന്നും ലഭിച്ച ആകെ തുക നേരത്തെ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. ഒരു കോടി രൂപയാണ് ജനങ്ങളിൽ നിന്ന് ലഭിച്ചത്.

cp-webdesk

null