Cinemapranthan

നൂറു ശതമാനം സീറ്റുകളിലും ‘മാസ്റ്റർ’ പ്രദർശനം; ചെന്നൈയിലെ തിയറ്ററുകൾക്കെതിരെ പോലീസ് കേസെടുത്തു

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് സെഷൻ 188,269 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്

null

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് നൂറു ശതമാനം സീറ്റുകളിലും പ്രേക്ഷകരെ കയറ്റി ‘മാസ്റ്റർ’ പ്രദർശനം. ചെന്നൈയിലെ തിയറ്ററുകൾക്കെതിരെ പോലീസ് കേസെടുത്തു. കൊവിഡ് മാനദണ്ഡം പാലിച്ച് സിനിമ തീയേറ്ററുകളിൽ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കണമെന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദേശം ആണ് തിയറ്ററുകൾ ലംഘിച്ചത്. ചെന്നൈയിലെ ഭൂരിപക്ഷം തീയേറ്ററുകളിലേയും നൂറു ശതമാനം സീറ്റുകളിലും ആളെ കേറ്റിയാണ് ഇന്ന് മാസ്റ്റർ പ്രദർശിപ്പിച്ചത്. കടുത്ത തിരക്കും വിജയ് ആരാധകരുടെ ബഹളവും കാരണമാണ് നൂറ് ശതമാനം സീറ്റിലും ആളെ കയറ്റേണ്ടി വന്നതെന്ന് തീയേറ്റർ ഉടമകൾ പറയുന്നത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് സെഷൻ 188,269 എന്നീ വകുപ്പുകൾ പ്രകാരം ചെന്നൈയിലെ തീയേറ്റർ ഉടമകൾക്കെതിരെ പൊലീസ് കേസെടുത്തു. തീയേറ്റർ ഉടമകളിൽ നിന്നും പിഴയും ചുമത്തിയിട്ടുണ്ട്.

‘മാസ്റ്റർ’ തിയറ്ററിൽ തന്നെ റിലീസ് ചെയ്യുന്നതിനായി നടൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയാവുകയും, എന്നാൽ തിയറ്റർ റിലീസിനെതിരെ കേന്ദ്ര സർക്കാർ രംഗത്ത് വരുകയും, 100 ശതമാനം പ്രവേശനം എന്ന വിജയ്‌യുടെ ആവശ്യം കേന്ദ്രം ഇടപെട്ട് 50 ശതമാനം ആക്കുകയും ചെയ്യുകയായിരുന്നു.

നീണ്ട പത്തു മാസങ്ങൾക്ക് ശേഷമാണ് “മാസ്റ്റർ” റിലീസ് ചെയ്തിരിക്കുന്നത്. ആദ്യ പ്രദർശനം കഴിയുമ്പോൾ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തില്‍ രാവിലെ ഒന്‍പത് മുതല്‍ ആയിരുന്നു ആദ്യ പ്രദര്‍ശനം നടന്നത്. എന്നാൽ തമിഴ്നാട്ടില്‍ പുലര്‍ച്ചെ നാല് മണിക്ക് തന്നെ ഫസ്റ്റ് ഷോ ആരംഭിച്ചിരുന്നു. 100 ശതമാനം പ്രവേശനം എന്ന വിജയ്‌യുടെ ആവശ്യം കേന്ദ്രം ഇടപെട്ട് 50 ശതമാനം ആക്കിയിരുന്നു. എങ്കിലും പ്രേക്ഷകർ ഉത്സാഹത്തിലാണ്. ഇന്നലെ രാത്രി മുതൽ തിയറ്ററുകൾക്ക് മുന്നിൽ ഉറങ്ങാതെ കാത്തു നിൽക്കുകയായിരുന്നു പ്രേക്ഷകർ. തമിഴ്നാട്ടിൽ ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയിരുന്നു. കേരളത്തിൽ 670 സ്‌ക്രീനുകളിൽ അഞ്ഞൂറെണ്ണത്തിലായിരുന്നു ആദ്യ ദിനത്തിൽ പ്രദർശനം. കോഴിക്കോട്ടെ ഏറ്റവും വലിയ തീയേറ്ററായ അപ്സരയിൽ പ്രൊജക്ടർ തകരാറിലായത് മൂലം ഷോ നടക്കാതിരുന്നത് വിജയ് ആരാധകരുടെ പ്രതിഷേധത്തിന് കാരണമായിരുന്നു.

കോവിഡ് ദുരിതത്തെ തുടർന്ന് പ്രതിസന്ധിയിലായ ഇന്ത്യൻ സിനിമ മേഖല മാസങ്ങളോളമാണ് അടച്ചിട്ടിരുന്നത്. 310 ദിവസങ്ങൾക്ക് ശേഷം രാജ്യവ്യാപകമായി റിലീസ് ചെയ്യുന്ന ആദ്യ ചിത്രമാണ് വിജയ് നായകനായ “മാസ്റ്റർ”. രാജ്യത്ത് നേരത്തെ തിയറ്ററുകൾ തുറക്കാൻ അനുമതി നൽകിയിരുന്നെങ്കിലും കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഇന്ന് മുതലാണ് സിനിമ തിയറ്ററുകളിൽ പ്രദർശനം ആരംഭിക്കുന്നത്.

cp-webdesk

null