തിരുവനന്തപുരം നിശാഗന്ധിയില്‍ ഞായറാഴ്ച മുതല്‍ സിനിമാ പ്രദര്‍ശനം ആരംഭിക്കും. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ ആണ് സിനിമാ പ്രദര്‍ശനം നടത്തുന്നത്. നാളെയാണ് ആദ്യ പ്രദര്‍ശനം. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ പത്ത് മാസത്തോളം മുടങ്ങിയിരുന്ന സിനിമ പ്രദർശനം ആണ് പുനരാരംഭിക്കുന്നത്. നാളെ മുതല്‍ ആരംഭിക്കുന്ന പ്രദർശനം രണ്ട് മാസത്തേക്ക് ആണ് തീരുമാനിച്ചിരിക്കുന്നത്. വൈകുന്നേരം ആറ് മണിക്ക് ആണ് സിനിമ പ്രദർശനം. പ്രത്യേകം തയ്യാറാക്കിയ സ്ക്രീനിലാണ് പ്രദര്‍ശനം. സർക്കാർ സബ്സിഡോടെ നിർമ്മിച്ച ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.
തിയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുമ്പോഴാണ് ഈ തീരുമാനവുമായി ചലച്ചിത്ര വികസന കോര്‍പ്പറേഷൻ മുന്നോട്ടു വരുന്നത്. പ്രേക്ഷകരിൽ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ പരമാവധി കാണികളെ തിയേറ്ററുകളിലേക്ക് തിരികെ എത്തിക്കുന്നതിനാണ് നിശാഗന്ധി ഓഡിറ്റോറിയത്തിലെ പ്രദർശനം. നിശാഗന്ധിയിൽ 200 പേർക്ക് മാത്രമാകും പ്രവേശനം. ടിക്കറ്റ് നിരക്ക് 100 രൂപ. നിശാഗന്ധിയിലെ ട്രയലിന് ശേഷം കൈരളി. ശ്രീ അടക്കമുള്ള തിയേറ്ററുകൾ തുറക്കും. മൈ ഡിയർ കുട്ടിച്ചാത്തൻ ആണ് ആദ്യം പ്രദർശിപ്പിക്കുന്നത്. ത്രീഡി സിനിമ കാണാൻ കണ്ണടയും കൊടുക്കും. ഇതിനായി 15 രൂപ ഈടാക്കും. കെ.എസ്.എഫ്.ഡി.സി ഓഫീസില്‍ നേരിട്ടെത്തി ടിക്കറ്റ് വാങ്ങണം. ഞായറാഴ്ചകളില്‍ നിശാഗന്ധിയിലും ടിക്കറ്റ് കൗണ്ടര്‍ ഉണ്ടാകും.
അതെ സമയം മുഖ്യമന്ത്രിക്ക് മുന്‍പില്‍ വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ തിയേറ്ററുകള്‍ തുറക്കാന്‍ കഴിയില്ലെന്നാണ് ഫിലിം ചേംബർ അറിയിച്ചിരിക്കുന്നത്. വിനോദ നികുതി ഒഴിവാക്കാതെയും പ്രദർശന സമയത്തിൽ മാറ്റം വരുത്താതെയും തിയേറ്ററുകൾ തുറക്കാൻ കഴിയില്ലെന്നാണ് നിർമ്മാതാക്കളുടേയും വിതരണക്കാരുടേയും സംഘടന അറിയിച്ചിരിക്കുന്നത്.