എസ് ജാനകി, പി. സുശീല ഇവരെയൊക്കെ പോലെ തന്നെ ലെജൻഡ് ആയിരുന്നു പാലയാട് യശോദയും. എന്നാൽ അധികം അറിയപ്പെടാതെ പോയി ‘അമ്മ.” പ്രശസ്ത പിന്നണി ഗായിക ശ്രേയ രാഘവ് കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സിനിമാ പിന്നണി ഗാനങ്ങളിലൂടെയും കവർ സോങ്ങുകളിലൂടെയും ശ്രദ്ധേയയായ ശ്രേയയുടെ ഏറ്റവും പുതിയ സംഗീത ആൽബം ‘കൺകൾ നീയേ’ ഇപ്പോൾ യുട്യൂബിൽ തരംഗമായിരിക്കുകയാണ്. കവർ സോങ്ങുകളെക്കാൾ കൂടുതൽ ഇഷ്ടം പിന്നണി ഗാനങ്ങൾ പാടാൻ ആണെന്ന് ശ്രേയ വ്യക്തമാക്കുന്നു.
സിനിമയും നാടകങ്ങളും ഒരു പോലെ നിലനിന്നിരുന്ന കാലത്ത് പാട്ടിന്റെ വഴിയിലേക്ക് എത്തിയ ഗായിക ‘പാലയാട് യശോദ’യാണ് ശ്രേയ രാഘവിന്റെ അമ്മ. നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയ പാലയാട് യശോദ നസീറിനും ഷീലയ്ക്കുമൊപ്പം ‘തങ്കക്കുടം’ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു.
‘കിസ്മത്’,’റോൾമോഡൽ ‘,’അഞ്ചു സുന്ദരികൾ’ തുടങ്ങി നിരവധി ഗാനങ്ങൾ പാടി മലയാളത്തിൽ തന്റെ സ്ഥാനം അടയാളപ്പെടുത്തിയിരിക്കുകയാണ് ശ്രേയ രാഘവ്.
സംവിധായകനും നടനുമായ സാജിദ് യഹിയായാണ് ‘കണ്‍കള്‍ നീയേ’ മ്യൂസിക്കല്‍ വീഡിയോ ഒരുക്കിയിരിക്കുന്നത്. ശ്രേയ രാഘവ് പാടി അഭിനയിച്ച ഗാനം തീവ്രമായ പ്രണയമാണ് അനാവരണം ചെയ്യുന്നത്. മലയാളത്തിലും തമിഴിലുമായാണ് ഗാനം പുറത്തിറങ്ങിയത്.
ശ്രേയ രാഘവിനൊപ്പം പുതുമുഖം അനസ് റഹ്മാനാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. സിനിമ പ്രാന്തന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സി പി ഒറിജിനല്‍ റെക്കോര്‍ഡ്സ് ആണ് ‘കണ്‍കള്‍ നീയേ’ നിര്‍മിച്ചിരിക്കുന്നത്.