സിനിമ മേഖലക്ക് തന്നെ എക്കാലവും ഭീഷണിയായി മാറിയ വെബ്‌സൈറ്റായ തമിൾറോക്കേഴ്‌സിന് എന്നന്നേക്കുമായി പുട്ട് വീണതായി റിപോർട്ടുകൾ. സിനിമാ പൈറസി വെബ്സൈറ്റുകളിൽ ഇത്രയധികം കാലം നിലനിന്ന മറ്റൊരു വെബ്സൈറ്റ് ഇല്ലന്ന് തന്നെ പറയേണ്ടി വരും. പുത്തൻ സിനിമകൾ റിലീസായി മിനിറ്റുകൾക്കുള്ളിൽ തന്നെ തമിൾറോക്കേഴ്‌സ് അത് അപ്ലോഡ് ചെയുക്കയാണ് പതിവ്. ഡിജിറ്റൽ മില്ലേനിയം കോപ്പി റൈറ്റ് ആക്ട് മുൻനിർത്തി ആമസോൺ ഇന്റർനാഷനൽ നൽകിയ പരാതികളെ തുടർന്നാണ് ഇപ്പോൾ വെബ്‌സൈറ്റിന് പൂട്ട് വീണിരിക്കുന്നത്.
ഇന്റർനെറ്റ് കോർപ്പറേഷൻ ഫോർ അസ്സൈൻഡ് നെയിംസ് ആൻഡ് നമ്പേഴ്‌സ് രറജിസ്ട്രിയിൽ (ഐസിഎഎൻഎൻ) നിന്ന് തമിൾറോക്കേഴ്‌സിനെ നീക്കിയതോടെയാണ് സൈറ്റ് അപ്രത്യക്ഷമായത്. ഡൊമൈൻ സസ്പെൻഡ് ചെയ്തതോടെ തമിഴ്റോക്കേഴ്സ് എന്ന പേരിലോ അതിനു സമാനമായ പേരിലോ വെബ്സൈറ്റിനു റജിസ്റ്റർ ചെയ്യാനാകില്ല. അത് കൊണ്ട് തന്നെ ഈ പേര് തന്നെ ഇനി ഇന്റർനെറ്റിൽ കാണാനാകില്ല.
ഇതിനു മുൻപും പലതവണ തമിൾറോക്കേഴ്സ് വെബ്‌സൈറ്റിന് പൂട്ടുവീണിട്ടുണ്ടെങ്കിലും, ദിവസങ്ങൾക്കുള്ളിൽ തന്നെ ഡൊമൈനുകൾ പുതിയ ലിങ്കുകളിലേക്ക് മാറ്റി പ്രത്യക്ഷപ്പെടുന്ന സൈറ്റാണിത്. അതുകൊണ്ട് തന്നെ മറ്റൊരു പേരിൽ പുത്തൻ സൈറ്റുമായി ഇവർ വീണ്ടും വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ആമസോൺ പ്രൈമിൽ ഏറ്റവും പുതിയ മലയാളം റിലീസായി എത്തിയ ഹലാൽ ലവ് സ്റ്റോറി അടക്കമുള്ള സിനിമകളുടെ എച്ച്ഡി പ്രിന്റുകൾ സൈറ്റിൽ അപ്‌ലോഡ് ചെയ്തിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ്, മലയാളം, കന്നഡ ചിത്രങ്ങളുടെ വ്യാജ പതിപ്പുകൾ തുടർച്ചയായി ഈ സൈറ്റിൽ അപ്‌ലോഡ് ചെയ്യപ്പെടാറുണ്ട്. ആമസോൺ പ്രൈം ഇന്ത്യ അടുത്തിടെ റിലീസ് ചെയ്ത നിശബ്ദം, പുത്തൻ പുതുകാലൈ എന്നിവ പ്രീമിയറിനൊപ്പം തന്നെ തമിഴ്റോക്കേഴ്‌സ് സ്ട്രീം ചെയ്തിരുന്നു. വെബ്‌സൈറ്റ് പൂട്ടിക്കാൻ പല ഭാഗത്തുനിന്നും ശ്രമങ്ങളുണ്ടായിട്ടും ഇതുവരെ വിജയിച്ചിരുന്നില്ല.
തിങ്കളാഴ്ച വൈകിട്ട് മുതൽ സൈറ്റ് ലഭ്യമാകാതിരുന്നതോടെയാണ് തമിൾറോക്കേഴ്സിന് എന്നന്നേക്കുമായി പൂട്ടുവീണന്ന റിപോർട്ടുകൾ പുറത്ത് വന്നത്. അതേസമയം മറ്റൊരു പേരിൽ ഇവർ തിരിച്ചുവരാനുള്ള സാധ്യത പൂർണ്ണമായും തള്ളിക്കളയാനാകില്ല.