തമിഴ് സിനിമ മേഖലയിൽ നിന്ന് ഒട്ടേറെ താരങ്ങൾ രാഷ്ട്രീയത്തിൽ സജീവമാണ്. വിജയ്, വടിവേലു എന്നിവരുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചാണ് ഇപ്പോൾ ഏറ്റവും പുതിയ ചർച്ചകൾ പുരോഗമിക്കുന്നത്. ഈ വാർത്തയുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. നടൻ വടിവേലു ബിജെപി യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു എന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചിരുന്നത്.
എന്നാൽ ഈ വാർത്തകൾ തള്ളി വടിവേലു തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്നും രാഷ്ട്രീയത്തിലേക്ക് പുനപ്രവേശനം നടത്താന്‍ തനിക്ക് പദ്ധതിയില്ലെന്നുമാണ് വടിവേലു പറയുന്നത്. ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ പ്രതികരണത്തിലാണ് വടിവേലു ഇക്കാര്യം വ്യക്തമാക്കിയത്.
തമിഴ് താരം വിജയ്യും രാഷ്ട്രീയത്തിലേക്ക് എത്തുന്നതായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ വിജയ്യുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ ഇതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ ആവശ്യപ്പെടുന്ന സമയത്ത് വിജയ് രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും എന്നാല്‍ ബിജെപിയുമായി തങ്ങള്‍ക്ക് ഒരു രീതിയിലും യോജിച്ചുപോവാന്‍ ആവില്ലെന്നുമായിരുന്നു ചന്ദ്രശേഖറിന്റെ പ്രതികരണം.
2011ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ പ്രചരണവേദികളില്‍ സജീവ സാന്നിധ്യമായിരുന്നു വടിവേലു. എന്നാല്‍ പിന്നീട് അദ്ദേഹം രാഷ്ട്രീയ വേദികളില്‍ നിന്ന് ഏറെക്കുറെ അകലം പാലിച്ചു നില്‍ക്കുകയാണ്.