“ഇന്ന് ഞാൻ ഉണ്ടാക്കികൊണ്ടുപോയ ഭക്ഷണം മുഴുവൻ ബാക്കി ആയി. 20 ഊണും 150 ബിരിയാണിയുമാണ് ഉണ്ടാക്കിയത്. ആകെ വിറ്റ് പോയത് 20 ബിരിയാണി മാത്രമാണ്. എന്ത് ചെയ്യണമെന്ന് അറിയില്ല. നാളെ സാധനമെടുക്കാൻ പോലും പണമില്ല. ഉണ്ടായിരുന്നതെല്ലാം വിറ്റുപെറുക്കി, കുടുക്ക വരെ പൊട്ടിച്ചാണ് ഞങ്ങൾ ബിരിയാണി കച്ചവടം തുടങ്ങിയത്”- ട്രാന്‍സ്ജെന്‍ഡര്‍ സജ്ന ഷാജി കണ്ണീരോടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വാക്കുകളാണിത്.
അവഗണനയിലും ഒറ്റപ്പെടുത്തലിലും മനംനൊന്ത് കണ്ണീരോടെ സോഷ്യൽ മീഡിയക്കു മുന്നിലെത്തിയ സഞ്ജയുടെ വാക്കുകളാണിന്ന് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.
എറണാകുളം ഇരുമ്പനത്ത് വഴിയരികിൽ ഭക്ഷണം വിറ്റ് ജീവിക്കുകയായിരുന്നു സജ്ന അടക്കം അഞ്ച് ട്രാന്‍സ്ജെന്‍ഡേഴ്സ്. മികച്ച അഭിപ്രായവുമായി നല്ല രീതിയില്‍ ബിരിയാണി കച്ചവടം മുന്നോട്ടുപോവുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത് കച്ചവടം നടത്തുന്ന സംഘം സജ്ന ഉള്‍പ്പെടെയുള്ളവരെ ആണും പെണ്ണും കെട്ടവരെന്ന് അധിക്ഷേപിച്ചും കച്ചവടം മുടക്കിയും ഉപദ്രവിക്കുകയാണ്. പൊലീസ് സ്റ്റേഷനില്‍ പരാതി പറഞ്ഞിട്ട് ഒന്ന് ഇടപെടാന്‍ പോലും പൊലീസ് തയ്യാറായില്ലെന്ന് സജ്ന പറയുന്നു.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് സജനയ്ക്ക് വേണ്ടി രംഗത്തെത്തിയത്. പ്ലീസ് ലെറ്റ് ലിവ് എന്നു കുറിച്ചു കൊണ്ട് നടി നസ്രിയയും ഭർത്താവും നടനുമായ ഫഹദും വീഡിയോ പങ്കുവെച്ചിരുന്നു. നടിമാരായ കനി കുസൃതി, ശ്രിന്ദ തുടങ്ങിയവരുംവീഡിയോ പങ്കിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സജ്നയ്ക്ക് പിന്തുണയുമായി നടൻ ജയസൂര്യ എത്തിയത്. സജനയ്ക്ക് ബിരിയാണിക്കട തുടങ്ങാന്‍ ജയസൂര്യ സാമ്പത്തികസഹായം നല്‍കുമെന്നാണ് റിപ്പോർട്ട്. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആ കരച്ചിലിനെ നാം മുഖവിലയ്ക്കെടുക്കണം. കാരണം അത്രയ്ക്ക് ആത്മവിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിച്ച ഒരു വ്യക്തിയാണവർ. സ്വന്തമായി റേഷൻ കാർഡും ഡ്രൈവിംഗ് ലൈസൻസും ഭക്ഷണ വില്പനയ്ക്കുള്ള നിയമാനുസൃത അംഗീകാരവും നേടിയെടുക്കാൻ ഒരു ട്രാൻസ് വ്യക്തി എന്തെല്ലാം പ്രതിബന്ധങ്ങൾ മറികടന്നിട്ടുണ്ടാവും ? ട്രാൻസ് ജൻഡറായി ജീവിച്ചിരിക്കുക തന്നെ ഒരു സമരമാണ്. ആ സമരത്തിൻ്റെ ദീപ്തമായ മുഖങ്ങളിലൊന്നാണ് സജ്ന ഷാജി. തെരുവിൽ ഒറ്റപ്പെട്ട മനുഷ്യർക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നതും തൻ്റെ അതിജീവനത്തിൽ കമ്മ്യൂണിറ്റിയിലെ പലരെയും ഒപ്പം നിർത്തുന്നതും അവരുടെ FB പോസ്റ്റുകളിൽ കാണാം.
ഞങ്ങള്‍ക്ക് ആരുമില്ല. ഞങ്ങൾ ഇങ്ങനെയായത് ഞങ്ങളുടെ കുറ്റംകൊണ്ടൊന്നുമല്ലല്ലോ. അന്തസായി ജോലിയെടുത്ത് ജീവിക്കാൻ സമ്മതിക്കില്ലെങ്കിൽ ഞങ്ങളൊക്കെ എന്താ ചെയ്യേണ്ടത്? തെരുവിലും ട്രെയിനിലുമൊക്കെ ഭിക്ഷ യാചിക്കാനല്ലേ പറ്റുള്ളൂ. ജോലിയെടുത്ത് ജീവിച്ചൂടെ എന്ന് എല്ലാവരും ചോദിക്കുമല്ലോ. ജോലി എടുത്ത് ജീവിക്കാൻ സമ്മതിക്കില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യും ഞങ്ങള്‍?
സഞ്ജനയുടെ ഈ ചോദ്യം നമ്മൾ ഓരോരുത്തരോടുമാണ്. ട്രാൻസ് ജൻഡറായി ജീവിക്കുന്ന ഓരോ വ്യക്തിയും കടന്ന് പോകുന്നത് ഇത്തരത്തിൽ ഏറെ പ്രതിസന്ധികളിലൂടെയാണ്. എല്ലാ മനുഷ്യർക്കുമുള്ള പോലെ അന്തസായി ജീവിക്കാനും ജോലി ചെയ്യാനുമുള്ള അവകാശവും അർഹതയും അവർക്കുണ്ട്,
പ്രാന്തന്റെ ഐക്യദാർഢ്യം.