സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സുരാജ് വെഞ്ഞാറമൂട് മികച്ച നടൻ. കനി കുസൃതി മികച്ച നടി. ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകൻ. റഹ്മാൻ സഹോദരങ്ങൾ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം.
മന്ത്രി കെ. ബാലൻ ആണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് (ചെയർമാൻ), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ.ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ്.രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ,ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് (മെംബർ സെക്രട്ടറി) എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്.
സൂപ്പർതാരങ്ങളുടെ ബിഗ്ബജറ്റ് സിനിമകൾ മുതൽ മികച്ച ചെറിയ ചിത്രങ്ങൾ വരെ 119 സിനിമകളാണ് മത്സരിച്ചത്. റിലീസ് ചെയ്യാത്ത നിരവധി ചിത്രങ്ങൾ ഇത്തവണ മത്സരിച്ചിരുന്നു. ഒട്ടേറെ മികച്ച സിനിമകളിലൂടെ ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ എത്തിയ വർഷമായിരുന്നു 2019.
വെഞ്ഞാറമ്മൂട്, സൗബിൻ ഷാഹിർ, മമ്മൂട്ടി, മോഹൻലാൽ, ഇന്ദ്രൻസ്, നിവിൻ പോളി, ഷെയിൻ നിഗം, ആസിഫ് അലി എന്നിവരടങ്ങുന്ന സാധ്യത പട്ടികയിൽ നിന്നാണ് അവസാന തിരഞ്ഞെടുപ്പ് നടന്നത്.
രതീഷ് പൊതുവാൾ ഒരുക്കിയ ആൻഡ്രോയിഡ് കുഞ്ഞപ്പൻ, എം.സി ജോസഫ്‌ന്റെ വികൃതി എന്ന ചിത്രങ്ങളിലെ മികച്ച പ്രകടനമാണ് സുരാജ് വെഞ്ഞാറമൂട് എന്ന നടന് പുരസ്‌കാരം നേടി കൊടുത്തത്.
ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കനി കുസൃതി ആദ്യമായി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില അഭിനയത്തിന് ഫഹദ് ഫാസിൽ മികച്ച സ്വഭാവനടനും വാസന്തിയിലെ അഭിനയത്തിന് സ്വാസിക വിജയ് മികച്ച സ്വഭാവനടിക്കുമുളള് അവാർഡുകൾ സ്വന്തമാക്കി. മൂത്തോനിലെ അഭിനയത്തിന് നിവൻ പോളിയും ഹെലനിലെ അഭിനയത്തിന് അന്നബെന്നും പ്രത്യേക ജൂറി പരാമർശം കരസ്ഥമാക്കി.