ഉണ്ണി മുകുന്ദന് നായകനും നിര്‍മ്മാതാവുമാകുന്ന ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചു. ‘ബ്രൂസ് ലീ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ടോവിനോ തോമസ് എന്നിവർ ചേർന്ന് ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ ദിനത്തില്‍ സോഷ്യൽ മീഡിയയിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. മാസ് ആക്ഷന്‍ എന്റർടൈനറായ ചിത്രത്തിൽ പുലിമുരുകനും മധുരരാജയും ഒരുക്കിയ സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രാഹകനും വീണ്ടും ഒരുമിക്കുകയാണെന്ന പ്രത്യേകതയുമുണ്ട്.
‘ഉണ്ണി മുകുന്ദന് ഫിലിംസി’ന്റെ ആദ്യ ചിത്രമാണ് ‘ബ്രൂസ് ലീ’. ഇരുപത്തിയഞ്ച് കോടിയിൽ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്. പുലിമുരുകൻ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രമാണ് ‘ബ്രൂസ് ലീ’. വൈശാഖ് – ഉണ്ണി മുകുന്ദൻ കൂട്ടുകെട്ടിന്റെ ‘മല്ലു സിംഗ്’ ചിത്രം ബോക്സ് ഓഫീസിൽ ഹിറ്റായിരുന്നു. എട്ടു വർഷത്തിന് ശേഷമാണ്ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഷാജി കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
കൊവിഡ് പ്രതിസന്ധിക്ക് ശേഷം അടുത്ത കൊല്ലത്തോട് കൂടി ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഒരേപോലെ ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമായിരിക്കുമെന്നാണ് അണിയറക്കാരുടെ വാഗ്ദാനം.
ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ആനന്ദ് രാജേന്ദ്രന് ആണ്. മോഷന്‍ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത് അനീഷ്. പ്രൊമോഷൻ കൺസൾട്ടന്റ് വിപിൻ. വിഷ്ണു മോഹൻ സംവിധാനം ചെയുന്ന ‘മേപ്പടിയാൻ’ എന്ന ചിത്രത്തിനായുള്ള തയ്യാറെടുപ്പുകളിലാണ് ഉണ്ണി മുകുന്ദന് ഇപ്പോള്‍.