പ്രഭാസ് നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രം ‘ആദിപുരുഷ്’ സൃഷ്ടിച്ച വിവാദങ്ങൾ ഇന്ത്യൻ സിനിമാ ലോകം അത്ര പെട്ടെന്നൊന്നും മറക്കില്ല. രാമായണത്തെ അടിസ്ഥാനമാക്കി ഇറങ്ങിയ ചിത്രത്തിലെ മോശം വിഷ്വൽ എഫക്ട്സുകളും സംസ്കാരത്തിന് നിരക്കാത്ത സംഭാഷണങ്ങളും വൻ ജനരോഷത്തിനാണ് വഴിവെച്ചത്. ചിത്രമിറങ്ങി നാളുകൾക്കിപ്പുറം, തനിക്ക് സംഭവിച്ച വലിയ വീഴ്ച പരസ്യമായി സമ്മതിച്ച് മാപ്പപേക്ഷിച്ചിരിക്കുകയാണ് ചിത്രത്തിൻ്റെ തിരക്കഥാകൃത്തും ഗാനരചയിതാവുമായ മനോജ് മുൻതഷിർ.

‘ആദിപുരുഷ്’ തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നുവെന്നും അതിലെ വരികൾ ഓർക്കുമ്പോൾ ഇപ്പോൾ അപമാനം തോന്നുന്നുവെന്നുമാണ് മനോജ് തുറന്നുപറഞ്ഞിരിക്കുന്നത്. പ്രമുഖ പോഡ്കാസ്റ്റിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ.

“തുടക്കത്തിൽ വിമർശനങ്ങളെ ഞാൻ നിസ്സാരമായാണ് കണ്ടത്. കാര്യങ്ങൾ മനസ്സിലാക്കാൻ എനിക്ക് രണ്ടുദിവസമെടുത്തു. ആദിപുരുഷ് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു. ആ സിനിമയെ ന്യായീകരിക്കാൻ ശ്രമിച്ചത് അതിലും വലിയ മണ്ടത്തരമായിപ്പോയി. സിനിമയ്ക്ക് വേണ്ടി എഴുതിയ വരികൾ ഓർക്കുമ്പോൾ എനിക്ക് ലജ്ജ തോന്നുന്നു. എന്തോർത്താണ് അന്ന് അത് എഴുതിയതെന്ന് എനിക്കറിയില്ല. ശ്രീരാമനോടും ഹനുമാനോടും നീതി പുലർത്താൻ എനിക്കായില്ല. രാജ്യത്തോടും പ്രേക്ഷകരോടും ഞാൻ നിബന്ധനകളില്ലാതെ മാപ്പപേക്ഷിക്കുന്നു,” – മനോജ് മുൻതഷിർ പറഞ്ഞു.
സിനിമയെ ന്യായീകരിച്ച് രംഗത്തെത്തരുതെന്ന് ഭാര്യ തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും, എന്നാൽ അന്ന് അത് കേൾക്കാതിരുന്നത് വലിയ ഖേദമായി അവശേഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിലീസ് സമയത്ത് സിനിമയെ ശക്തമായി പ്രതിരോധിച്ച മനോജിൻ്റെ ഈ വൈകിയുള്ള മാനസാന്തരവും മാപ്പപേക്ഷയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വലിയ ചർച്ചയായിരിക്കുകയാണ്.






