ബോക്സ് ഓഫീസിനെ ഇളക്കിമറിച്ച ‘ദൃശ്യം 3’-ന്റെ വൻ വിജയത്തിന് പിന്നാലെ, ഇന്ത്യയിലെ ശ്രദ്ധേയ സിനിമാ നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസ് മലയാളത്തിൽ തങ്ങളുടെ സാമ്രാജ്യം വിപുലീകരിക്കുന്നു. മുൻനിര നിർമ്മാതാവും മാക്സ്ലാബ് സിനിമാസ് അമരക്കാരനുമായ ജേക്കബ് കെ. ബാബുവുമായി സഹകരിച്ച് രണ്ട് പുതിയ ചിത്രങ്ങളാണ് പനോരമ സ്റ്റുഡിയോസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ, ഏറ്റവും വൈവിധ്യമാർന്ന അഭിനയശൈലിക്ക് ഉടമയായ ഫഹദ് ഫാസിലാണ് ഈ രണ്ട് ചിത്രങ്ങളിലും കേന്ദ്രകഥാപാത്രമായി എത്തുന്നത്. ‘ആവേശം’, ‘പുഷ്പ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പാൻ-ഇന്ത്യൻ തലത്തിൽ തിളങ്ങിനിൽക്കുന്ന ഫഹദിന്റെ ശക്തമായ കഥാപാത്ര തിരഞ്ഞെടുപ്പുകൾ പുതിയ പ്രൊജക്റ്റുകൾക്കും വലിയ കരുത്താകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
തന്നെ വെല്ലുവിളിക്കുന്നതും പ്രേക്ഷകർക്ക് പുതുമ നൽകുന്നതുമായ ശക്തമായ തിരക്കഥകളാണ് ഈ പ്രോജക്റ്റുകളിലേക്ക് ആകർഷിച്ചതെന്നും ചിത്രങ്ങൾ അടുത്ത വർഷത്തോടെ തിയേറ്ററുകളിൽ എത്തിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും ഫഹദ് ഫാസിൽ വ്യക്തമാക്കി. ബോളിവുഡിൽ ‘ഓംകാര’, ‘റെയ്ഡ്’, ‘ശൈത്താൻ’ തുടങ്ങി നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച പനോരമ സ്റ്റുഡിയോസ് ഇതിനകം തന്നെ മലയാളത്തിൽ ശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ‘ദൃശ്യം 3’ കൂടാതെ റഹ്മാൻ-ഭാവന ചിത്രം ‘അനോമി’, ആസിഫ് അലിയുടെ ‘ടികിടാക’, കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘ഉന്മാദം’, ഒപ്പം നിവിൻ പോളിയുമായുള്ള പുതിയ പ്രൊജക്റ്റ് എന്നിവ പനോരമ സ്റ്റുഡിയോസ് മലയാളത്തിൽ ഒരുക്കുന്ന മറ്റ് പ്രധാന ചിത്രങ്ങളാണ്.

മലയാള സിനിമയിലെ മികച്ച കഥപറച്ചിൽ രീതികളിലുള്ള വിശ്വാസമാണ് തങ്ങളെ ഇവിടെ എത്തിച്ചതെന്ന് പനോരമ സ്റ്റുഡിയോസ് പ്രൊഡ്യൂസർമാരായ കുമാർ മങ്കാത് പഥകും അഭിഷേക് പഥകും വ്യക്തമാക്കി. സിനിമയോടുള്ള അഭിനിവേശവും വിപണിയെക്കുറിച്ചുള്ള കൃത്യമായ ധാരണയുമുള്ള ജേക്കബ് ബാബുവുമായി ഒന്നിക്കാൻ കഴിഞ്ഞതിലും ഫഹദ് ഫാസിൽ ചിത്രങ്ങളുടെ ഭാഗമാകുന്നതിലും വലിയ ആവേശമുണ്ടെന്ന് ഇരുവരും കൂട്ടിച്ചേർത്തു. കുമാർജിയും അഭിഷേകും എന്നും നല്ല സിനിമകൾക്കൊപ്പം നിന്നവരാണെന്നും, ഫഹദ് കൂടി ചേരുമ്പോൾ പ്രേക്ഷകർക്ക് തിയേറ്ററുകളിൽ ഒരു ഒന്നൊന്നര ദൃശ്യവിരുന്ന് തന്നെ പ്രതീക്ഷിക്കാമെന്നും ജേക്കബ് കെ. ബാബു പ്രതികരിച്ചു. ചിത്രങ്ങളുടെ സംവിധായകരെയും മറ്റ് അണിയറ പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.






