എഴുപതുകളിൽ മലയാള സിനിമ രംഗത്ത് ആക്‌ഷൻ ജോണറിൽ പുതിയ സാധ്യതകൾ തേടിയ സംവിധായകനായിരുന്നു ക്രോസ്സ് ബെൽറ്റ് മണി. കെ. വേലായുധൻ നായർ എന്നാണ് അദ്ദേഹത്തിന്റെ പൂർണനാമം. 1935 ഏപ്രിൽ 22-ന് തിരുവനന്തപുരത്തായിരുന്നു ജനനം.
ഫോട്ടോഗ്രാഫിയോടുള്ള അഭിനിവേശമാണ് അദ്ദേഹത്തെ സിനിമാരംഗത്തെത്തേക്കെത്തിച്ചത് 1956 മുതൽ അദ്ധേഹം മെരിലാൻഡ് സ്റ്റുഡിയോയിൽ ഛായാഗ്രാഹക സഹായിയായി തന്റെ സിനിമാജീവിതം ആരംഭിച്ചു. 1961 ൽ കെ.എസ്. ആന്റണി സംവിധാനം ചെയ്ത ‘കാൽപ്പാടു’കളിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി അരങ്ങേറി. പിന്നീട് 1967 ൽ ‘മിടുമിടുക്കി’ എന്ന ചിത്രത്തിലൂടെ സംവിധായകനായി. സത്യനും,ശാരദയുമായിരുന്നു ഈ ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയത്.
1970 ൽ പുറത്തിറങ്ങിയ ക്രോസ്സ് ബെൽറ്റ് എന്ന ചിത്രം വലിയ തോതിൽ പ്രേക്ഷക ശ്രദ്ധ നേടി.
ആ ചിത്രത്തിലൂടെ അദ്ദേഹത്തിന് ക്രോസ്സ് ബെൽറ്റ് മണി എന്ന പേര് ലഭിച്ചു. തുടക്കകാലത്ത് പ്രമുഖ സാഹിത്യകാരുടെ രചനകളെ അടിസ്ഥാനമാക്കിയായിരുന്നു സിനിമകൾ ചെയ്തിരുന്നത്.
പിന്നീട് ആക്ഷൻ -സിനിമകളിലേക്ക് അദ്ധേഹം ശ്രദ്ധ തിരിച്ചു. ബ്ലാക്ക്മെയില്‍, പെണ്‍പുലി, പെണ്‍സിംഹം, പെണ്‍പട, പട്ടാളം ജാനകി, ഈറ്റപ്പുലി, റിവെഞ്ച് , തിമിംഗലം, ബുള്ളറ്റ് തുടങ്ങി നിരവധി ആക്ഷൻ സിനിമകൾ അദ്ധേഹം സംവിധാനം ചെയ്തു.
തന്റെ സിനിമകളിലെ സംഘട്ടന രംഗങ്ങളിൽ വ്യത്യസ്ത ശൈലികൾ പരീക്ഷിക്കാൻ ക്രോസ്സ് ബെൽറ്റ് മണി ശ്രദ്ധിക്കാറുണ്ടായിരുന്നു. ആക്ഷൻ ചിത്രങ്ങളുടെ കുത്തൊഴുക്കിനിടയിലും അദ്ധേഹം രണ്ട് വ്യത്യസ്തമായ ചിത്രങ്ങൾ സംവിധാനം ചെയ്തു. പ്രണയ ചിത്രമായ ‘ദേവദാസ്’, ആക്ഷേപ ഹാസ്യ ചിത്രമായ ‘നാരദൻ കേരളത്തിൽ’ എന്നിവയായിരുന്നു ആ സിനിമകൾ1990-ൽ പുറത്തിറങ്ങിയ ‘കമാൻഡർ’ ക്രോസ്സ് ബെൽറ്റ് മണിയുടെ സംവിധാനത്തിൽ പിറന്ന അവസാന സിനിമ. 2021 ഒക്ടോബർ 30-ന് ക്രോസ്സ് ബെൽറ്റ് മണി അന്തരിച്ചു.