യൂട്യൂബിൽ ഏറ്റവും കൂടുതൽ വ്യൂസും കമന്റ്സും നേടി ശ്രദ്ധേയമായ ചിത്രമാണ് “കോൻ ഹേ വില്ലൻ”!
മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മലയാള ചിത്രം “വില്ലൻ” ആണ് ഹിന്ദിയിൽ മൊഴിമാറ്റം നടത്തി “കോൻ ഹേ വില്ലൻ” ആയി എത്തിയത്. 50 മില്യൺ കാഴ്ചക്കാരെ നേടിയ ചിത്രം മലയാളത്തെ സംബന്ധിച്ചു വലിയൊരു അഭിമാനമാവുകയാണ്. ബി. ഉണ്ണികൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു കുറ്റാന്വേഷണ ചിത്രമാണ് വില്ലൻ. മാത്യൂ മാഞ്ഞൂരാൻ എന്ന വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെയാണ് മോഹൻലാൽ വില്ലനിൽ അവതരിപ്പിക്കുന്നത്.
മോഹൻ ലാലിനൊപ്പം തമിഴ് നടൻ വിശാൽ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മലയാളത്തിലും തമിഴിലും നിന്നുള്ള രണ്ടു പ്രിയ നടൻമാർ എത്തുന്ന ചിത്രം പ്രേക്ഷകർ ഏറെ ആവേശത്തോടു കൂടി തന്നെയാണ് സ്വീകരിച്ചത്. ഇഷ്ട നായകന്മാർ എന്നതിനപ്പുറം ചിത്രത്തിന്റെ സംവിധാന മികവും തിരക്കഥയും വിജയത്തിന്റെ പ്രധാന ഘടകങ്ങൾ ആണ്. അത് തെളിയിക്കുന്നത് ഈ നേട്ടം.
2017ൽ പുറത്തിറങ്ങിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് റോക്ക് ലൈൻ വെങ്കടേഷ് ആണ്.
മഞ്ജു വാര്യർ, ഹൻസിക, സിദ്ധിഖ്, രാശി ഖന്ന, ശ്രീകാന്ത് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. 8കെ ദൃശ്യമികവിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചലച്ചിത്രമാണ് വില്ലൻ.
ഹിന്ദിയിൽ മൊഴി മാറ്റം ചെയ്തെത്തിയ ഒരു മലയാള ചിത്രത്തിന് ഏറ്റവും കൂടുതൽ വ്യൂസും കമെന്റും ലഭിക്കുക എന്നത് അത്ര നിസാരമായി കാണാൻ പറ്റില്ല. സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കാവുന്ന ഒന്ന് തന്നെയാണ് ഇത്.