സോഷ്യൽ മീഡിയയിൽ ഒട്ടേറെ വീഡിയോകൾ വൈറലാകുന്നത് സാധാരണമാണ്. ‘ടി.എസ് വിനീത് ഭട്ട് ‘ എന്ന വ്യക്തിയുടെ ഒരു വീഡിയോ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു വ്യക്തിയുടെ ഉയർച്ചക്ക് അയാളുടെ പേര് വളരെ പ്രധാനപെട്ടതാണ് എന്ന് പറയുകയാണ് ഈ വീഡിയോയിലൂടെ. “അർത്ഥമില്ലാത്ത പേരുകളാണ് നമ്മുടെ ജീവിതത്തിൽ പല നാശങ്ങളും ഉണ്ടാക്കുന്നത്, ഇവിടെ ഇരിക്കുന്നവരെല്ലാം കൂലിവേല ചെയ്ത ജീവിക്കേണ്ടിവരില്ല എല്ലാവരും ഉന്നത സ്ഥാനങ്ങളിൽ എത്തും, കുട്ടപ്പൻ എന്ന് പേരുള്ള ഏതെങ്കിലും വ്യക്തി ഐ.എ എസ്. കാരനായി മാറിയത് നിങ്ങൾ കണ്ടിട്ടുണ്ടോ?”. ഇന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വീഡിയോയിലെ ചില സംഭാഷണങ്ങൾ മാത്രമാണ് ഇത്.
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ – പരിയാരത്ത്, ഒരു ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിയ്ക്കുന്നതിനു മുന്നോടിയായി നടത്തിയ മൂന്ന് ദിവസം നീണ്ടു നിന്ന പരിപാടിയിൽ കുട്ടികളോട് സംസാരിക്കുന്ന സമയത്താണ് ഇത്തരം കാര്യങ്ങൾ പറയുന്നത്.
പേരുകൾ ഒരു വ്യക്തിയുടെ ജീവിത വിജയത്തിന് ഏറെ പ്രാധാന്യമാണ് എന്ന് പറഞ്ഞുവെക്കുന്നതിനോടൊപ്പം സവർണ്ണ ജാതി ബോധം കൂടിയാണ് ഈ സംഭാഷണത്തിലൂടെ കടത്തി വിടുന്നത്. ഈ വിഡ്ഡിയുടെ മുൻപിൽ ആ കുട്ടികളെ കൊണ്ടിരുത്തിയ മാതാപിതാക്കളോടാണ് പ്രാന്തന് ഈ അവസരത്തിൽ പുച്ഛം തോന്നുന്നത്. പറയുന്നവനെ അല്ല , ഇത് കേട്ട് ജിഞ്ജാസയോടെ ആസ്വദിച്ച് നിൽക്കുന്ന ആ കൂട്ടത്തെയാണ് നമ്മൾ ഭയക്കേണ്ടത്.
വീഡിയോ കാണാം;
21നാം നൂറ്റാണ്ടിലും ഇത്തരം ദുർഗന്ധം വമിക്കുന്ന ചിന്താഗതി പുലർത്തുന്ന ഇതേ പോലുള്ളവരെ കേൾക്കാനും ആളുണ്ടാകുന്നു എന്നത് തീർത്തും അപലപനീയമാണ്. കുട്ടപ്പൻ IAS കേൾക്കാൻ ഒരു പ്രൗഡി ഇല്ല, അത്കൊണ്ട് ആ പേരിൽ ഉള്ള ആരും IAS എടുക്കാൻ പോകുന്നില്ല എന്ന് ഇദ്ദേഹം തറപ്പിച്ചു പറയുന്നു… പേരിൽ ഒക്കെ എന്തിരിക്കുന്നു എന്ന് പറയാൻ പോലും ചിന്താ ശേഷിയില്ലാത്ത കാഴ്ചക്കാരായി പോയല്ലോ ആ കൂട്ടം. എന്നല്ലാതെ എന്താണ് ഇതിനോടൊക്കെ പറയാനാവുക.
“രാജേന്ദ്ര സദാശിവ് നിഖൽജെ… പേര് കേട്ടാൽ താഴെ കാണുന്ന മഹാവിദ്വാൻറെ കണക്കിൽ ഇന്ത്യൻ പ്രധാനമന്ത്രി ആവേണ്ടതാണ്. പക്ഷെ മേൽ പറഞ്ഞ സദാശിവ് നിഖൽജെ ഛോട്ടാ രാജൻ എന്ന പേരിൽ കിടിലം ഗുണ്ടയായി മാറി…
എന്നാലും പിളളാർക്ക് ഇമ്മാതിരി വെറിയൻ പോഴത്തരം കേൾപ്പിക്കാൻ ഇരുത്തികൊടുക്കുന്ന തന്തമാരെ പറഞ്ഞാൽ മതിയല്ലോ” – വീഡിയോ പങ്കുവെച്ചുകൊണ്ട് ഒരു യുവാവ് ഫേസ്ബുക്കിൽ കുറിച്ചതാണ്. ഇത്തരത്തിൽ ഒട്ടേറെ കമന്റുകളാണ് ഈ വീഡിയോക്ക് താഴെ വിമർശനവുമായി എത്തിയിട്ടുള്ളത്.
“രാജപ്പൻ എന്ന് പേരുള്ള ഒരു പ്ലാസ്റ്റിക് സർജൻ ഉണ്ട്.
അറുപതുകളിൽ പട്ണയിൽ പോയി പ്ലാസ്റ്റിക് സർജറി പഠിച്ച അദ്ദേഹത്തിന്റെ സ്ഥാപനം ആണ് എറണാകുളത്തുള്ള സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ”- മറ്റൊരു കമന്റ്
“ചാത്തൻ മന്ത്രി ആയ സ്ഥലത്താണ് കുട്ടപ്പൻ ഐഎഎസിനെ ഇക്കാലത്തും തിരക്കുന്നത്।।।। ആ പിള്ളേരെ നിരത്തി ഇരുത്തിയവരെ പറഞ്ഞാ മതി‘“
ഇത്തരം വ്യക്തികളാണ് ഇന്ന് സമൂഹത്തിൽ സംവരണത്തിനെ പോലും എതിർക്കുന്നത് എന്നതിൽ പ്രാന്തന് ഒരു സംശയവുമില്ല.അവർ പ്രതീക്ഷിക്കാത്ത പേരുകൾക്ക് പുറകിൽ വലിയ ഡിഗ്രികൾ വരുമ്പോൾ മാത്രമേ ഇത്തരത്തിലുള്ളവരുടെ വായടപ്പിക്കാൻ സാധിക്കൂ. ഇത്തരത്തിലുള്ളവരുടെ മുമ്പിൽ കുട്ടപ്പൻ ഐഎഎസും തങ്കപ്പൻ ഐപിഎസും ഒക്കെ കസേര നീക്കിയിട്ട് ഇരിക്കുന്ന കാലം ഒട്ടും വിദൂരമല്ലെന്നേ പ്രാന്തൻ ഓർമ്മിപ്പിക്കുന്നു.