ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം സി ബി ഐ അന്വേഷിക്കും. അന്വേക്ഷണം സി ബി ഐക്ക് കൈമാറാൻ സുപ്രീം കോടതി ഉത്തരവിട്ടു. സുശാന്തിന്റെ സുഹൃത്ത് റിയ ചക്രബർത്തിക്കെതിരെ ബീഹാർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പട്നയിൽ നിന്ന് മുമ്പ് മുംബൈക്ക് മാറ്റണമെന്ന ഹർജി തള്ളിക്കൊണ്ടായിരുന്നു ഉത്തരവ്.
റിയക്കെതിരെ സുശാന്തിന്റെ പിതാവ് ബീഹാർ പോലീസിൽ നൽകിയ പരാതി കോടതി അംഗീകരിച്ചു. റിയയും കുടുംബവും സുശാന്തിനെ വഞ്ചിക്കുകയും മാനസികമായി പീഡിപ്പിക്കുകയും, സുശാന്തിന്റെ അക്കൗണ്ടില്‍നിന്ന് കോടികള്‍ തട്ടിയെടുത്തെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ബിഹാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ നിയമപരമായി നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം ബിഹാര്‍ പോലീസ് സിബിഐക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ നടപടി അംഗീകരിച്ചു കൊണ്ടായിരുന്നു സുപ്രീം കോടതി ഉത്തരവ്. അന്വേക്ഷണത്തിന് ആവിശ്യമായ സഹായങ്ങൾ സി ബി ഐക്ക് നല്കാൻ മഹാരാഷ്ട്ര സർക്കാരിനോട് കോടതി ആവിശ്യപ്പെട്ടു. നിലവില്‍ ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ആണ് നടത്തേണ്ടത് എന്നും കോടതി വ്യക്തമാക്കി.
ആത്മഹത്യാ, വഞ്ചന, വിശ്വാസലംഘനം, അന്യായമായി തടവിൽ വെക്കൽ, ഭീക്ഷണിപ്പെടുത്തൽ തുടങ്ങിയവയാണ് റിയയ്‌ക്കെതിരെയുള്ള പരാതി. ഇതിനെതിരെ റിയ കോടതിയെ സമീപിച്ചിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് റിയയ്‌ക്കെതിരെയെന്നും റിയക്ക് സംരക്ഷണം നൽകാനാവില്ലെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
കേസന്വേഷണത്തില്‍ മഹാരാഷ്ട്ര പോലീസ് പൂര്‍ണമായും സഹകരിക്കണമെന്നും ഇതുവരെ ശേഖരിച്ചിട്ടുള്ള എല്ലാ തെളിവുകളും സിബിഐക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.