Cinemapranthan

മുറിഞ്ഞു പോയൊരു ഈണം;പാലയാട് യശോദാമ്മയുടെ ഓർമ്മകൾക്ക് ഇന്ന് 6 വർഷം

null

‘പാലയാട് യശോദ’…, പാട്ടിന്റെ വഴികളിലെവിടെയോ തട്ടിത്തടഞ്ഞു പോയ ഒരു പേര്. പുതിയ തലമുറയ്ക്ക് ഒരു പക്ഷേ കേട്ടു കേൾവി ഉണ്ടാവില്ല.. എന്നാൽ ആ പേര് ഓർക്കുന്ന ഒരു തലമുറയും ഒരു കൂട്ടം സംഗീത പ്രേമികളും ഇന്നുമുണ്ട്.. പാടി തീരാത്ത ഒരു പാട്ട് പോലെ സംഗീത ജീവിതത്തിൽ നിന്നും യശോദാമ്മ വിട പറഞ്ഞിട്ട് ഇന്ന് ആറ് വർഷമാകുന്നു.. അമ്മയുടെ സംഗീത സാന്ദ്രമായ ഓർമ്മകളിലാണ് മകളും ഗായികയുമായ “ശ്രേയ രാഘവ്”.

‘ഒരു വലിയ ഗായികയാകണമെന്നു അമ്മ ആഗ്രഹിച്ചിരുന്നു. അതു സാധിക്കാത്തതിലെ ദുഃഖം അമ്മയ്ക്കുണ്ടായിരുന്നു. അന്നത്തെ ചില സാഹചര്യങ്ങൾ കൊണ്ടും മറ്റുമാണ് അമ്മയ്ക്കതു സാധിക്കാതെ പോയത്. അതുകൊണ്ടു തന്നെ ഞങ്ങൾ രണ്ടു മക്കളും ഗായകരാകണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. എന്നാൽ ചേച്ചി നേരത്തെ വിവാഹം ചെയ്തു പോയതിനാൽ അതിനു സാധിച്ചില്ല.’– ശ്രേയ പറയുന്നു.

പത്താം വയസ്സിൽ ‘വഴിവിളക്ക്’ എന്ന നാടകത്തിൽ ഗാനമാലപിച്ച് അരങ്ങേറ്റം. സിനിമയും നാടകങ്ങളും ഒരു പോലെ നിലനിന്നിരുന്ന കാലത്താണ് ‘പാലയാട് യശോദ’ എന്ന ഗായികയുടെ ഈ കടന്നു വരവ്. ‘ചൊകചൊകചൊകന്നൊരു ചെങ്കൊടി’ എന്ന ആദ്യ ഗാനത്തിലൂടെ പിന്നീടങ്ങോട്ട് നാടക ഗാന രംഗത്ത് സജീവമായി. ഗാനത്തിനൊപ്പം അഭിനയരംഗത്തേക്കും ‘യശോദാമ്മ’ കടന്നു. കെപിഎസിയുടെയും കലാനിലയത്തിന്റെയും നാടകങ്ങളിൽ പാടിയിരുന്ന ‘യശോദാമ്മ’ പിന്നീട് നാടകങ്ങളിൽ പാടി അഭിനയിക്കാൻ തുടങ്ങി.

1962ൽ ‘പളുങ്കുപാത്രം’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ പിന്നണിഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് യേശുദാസ്, ജയചന്ദ്രൻ, ബ്രഹ്മാനന്ദൻ എന്നിവരോടൊപ്പം ഗാനങ്ങൾ ആലപിച്ചു. നസീറിനും ഷീലയ്ക്കുമൊപ്പം ‘തങ്കക്കുടം’ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. പാടിയ ഗാനങ്ങളെല്ലാം ഹിറ്റായിരുന്നെങ്കിലും കൂടുതൽ അവസരങ്ങൾ യശോദാമ്മയെ തേടിയെത്തിയില്ല. വിവാഹ ശേഷം ദുബായിയിലേക്ക് പോയ യശോദാമ്മ നിരവധി സ്റ്റേജ് ഷോകളും ചെയ്തു. പിന്നീട് ആകാശവാണിയുടെ കോഴിക്കോട്, കണ്ണൂർ നിലയങ്ങളിൽ സ്ഥിരഗായികയും, നിരവധി സ്കൂളുകളിൽ സംഗീത അധ്യാപികയുമായി യശോദ.
അബുദാബി ഇന്ത്യൻ സോഷ്യൽ സെന്റർ പുരസ്കാരം, കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം, മാപ്പിള കലാ അക്കാദമി പുരസ്കാരം എന്നിവ ലഭിച്ചു.

അമ്മയുടെ ആഗ്രഹം പോലെ ഇന്ന് മലയാള സിനിമാ ഗാനരംഗത്ത് മകൾ “ശ്രേയ രാഘവ്” ഉണ്ട്. ‘കിസ്മത്’,’റോൾമോഡൽ ‘,’അഞ്ചു സുന്ദരികൾ’ തുടങ്ങി നിരവധി ഗാനങ്ങൾ പാടി മലയാളത്തിൽ തന്റെ സ്ഥാനം അടയാളപ്പെടുത്തിയിരിക്കുകയാണ് ഈ മകൾ. രണ്ട് മക്കളാണ് യശോദാമ്മക്ക്. മൂത്ത മകൾ രാഖിയും നല്ലൊരു ഗായികയാണ്. ഭർത്താവ് ജ്യോതിഷിനൊപ്പം ദുബായിലാണ് രാഖി.

ശ്രേയ രാഘവ്

പാലയാട് യശോദ എന്ന ഗായികയെ ശ്രദ്ധേയമാക്കിയ ഗാനം

മൂത്ത മകൾ രാഖിയും കുടുംബവും

മൂളി മറന്ന ഗാനത്തിന്റെ ബാക്കിയെന്നോണം യശോദാമ്മ ഇന്നും സംഗീത പ്രേമികളുടെ മനസ്സുകളിൽ ഉണ്ട്…

ഒരു പഴയ കുടുംബ ചിത്രം

cp-webdesk

null