കോവിഡ് ബാധയെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന എസ് പി ബാലസുബ്രമഹ്ണ്യം മകനുമായി ആശയവിനിമയം നടത്തി. എസ് പി ബി’യുടെ മകൻ എസ് പി ചരൺ സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആംഗ്യഭാഷയിലൂടെയായിരുന്നു സംഭാഷണം. ആശുപത്രി മുറിയിൽ പ്ലേ ചെയ്ത പാട്ടിനോടും അദ്ദേഹം പ്രതികരിച്ചുവെന്നാണ് എസ് പി ചരൺ അറിയിച്ചത്.
രണ്ടാഴ്ചകൾക്കു ശേഷമാണ് ചരൺ എസ് പി ബി’യെ കാണുന്നത്. അദ്ദേഹം ഏറെക്കുറെ ഉന്മേഷവാനായിരുന്നുവെന്നും മരുന്നിന്റേതായ ചില മയക്കങ്ങൾ ഉണ്ടെങ്കിലും തന്നെ തിരിച്ചറിഞ്ഞുവെന്നുമാണ് അദ്ദേഹം അറിയിച്ചത്.
“ഞങ്ങൾ തമ്മിൽ ആംഗ്യ ഭാഷയിലൂടെ ഒരു ചെറിയ ആശയവിനിമയം നടത്തി. ഇപ്പോൾ ആരോഗ്യസ്ഥിതി എങ്ങനെയുണ്ട് എന്ന് ചോദിച്ചപ്പോൾ അപ്പ എനിക്ക് തംസ് അപ്പ് കാണിച്ചു, വളരെ സന്തോഷത്താടെയാണ് ഇക്കാര്യം ഞാൻ നിങ്ങളെ അറിയിക്കുന്നത്. അപ്പയെ ശുശ്രൂഷിക്കുന്ന ഡോക്ടർമാരോടും എല്ലാ ആരോഗ്യ പ്രവർത്തകരോടും ഞാൻ പ്രത്യേകം നന്ദി അറിയിക്കുകയാണ്. അപ്പയുടെ രോഗമുക്തിക്കു വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി. നിങ്ങളോടെല്ലാം ഞാനും എന്റെ കുടുംബവും എന്നും കടപ്പെട്ടിരിക്കും. ഈ പ്രാർഥനകളും ആശംസകളുമെല്ലാം ഞങ്ങൾക്ക് ആത്മവിശ്വാസവും പ്രത്യാശയും നൽകുകയാണ്’’ :- ചരൺ പറഞ്ഞു.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ മാസം അഞ്ചിനാണ് എസ് പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറഞ്ഞ തോതിൽ മാത്രമേ വൈറസ് ബാധിച്ചിട്ടുള്ളു എന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എസ് പി ബി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാൽ ഓഗസ്റ്റ് 13ന് എസ്പിബിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു.