ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ സിനിമയിൽ നിന്ന് പിന്മാറുന്നുവെന്നു അറിയിച്ച് ഛായാഗ്രാഹകൻ പി.സി ശ്രീറാം. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ശ്രീറാം ഇക്കാര്യം അറിയിച്ചത്.
“കങ്കണ റണാവത്ത് നായികയായെത്തുന്ന ഒരു സിനിമ നിരസിക്കേണ്ടി വന്നു. എനിക്ക് ആഴത്തിൽ അസ്വസ്ഥത അനുഭവപ്പെടുകയും നിർമാതാളോട് എന്റെ നിലപാട് വിശദീകരിക്കുകയും അവർക്ക് അത് മനസ്സിലാവുകയും ചെയ്തു. ശരിയെന്ന് തോന്നുന്നതാണ് ചില സമയങ്ങളില്‍ എല്ലാം. അവർക്ക് എല്ലാ ആശംസകളും നേരുന്നു”- പി.സി ശ്രീറാം കുറിച്ചു. ചിത്രത്തിന്റെ അണിയറ പ്രവർത്തകരോട് തന്റെ നിലപാട് അറിയിച്ചിട്ടുണ്ടെന്നും ശ്രീറാം പറഞ്ഞു.
നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും വിമർശനങ്ങളുമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് നടി. മഹാരാഷ്ട്ര സര്‍ക്കാരും കങ്കണയും തമ്മിൽ നിലവിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. പാക് അധിനിവേശ കാശ്മീരിനോട് മുബൈയെ ഉപമിച്ചു കൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് ഏറെ വിവാദമായിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനങ്ങളുമായി സിനിമാ പ്രവർത്തകരും കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ഉള്‍പ്പെടെയുള്ള പാർട്ടികൾ രംഗത്തെത്തിയിരുന്നു.
കങ്കണയുടെ ആദ്യ തമിഴ് ചിത്രമായ ‘ധാം ധൂം’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകരിൽ ഒരാളായിരുന്നു പി.സി ശ്രീറാം. സുശാന്തിന്റെ മരണ ശേഷം ബോളിവുഡിലെ സ്വജനപക്ഷപാതത്തിനും മയക്കുമരുന്ന് മാഫിയക്കും എതിരെ കങ്കണ രംഗത്തു വന്നിരുന്നു.