Cinemapranthan

തീയേറ്റർ റിലീസുകൾ ഇല്ലാത്ത ആദ്യ ഓണം: വീട്ടിലേക്കെത്തുന്ന പുത്തൻ സിനിമകൾ

null

കോവിഡ് എല്ലാ മേഖലയിലും പ്രതിസന്ധികൾ സൃഷ്ട്ടിക്കുമ്പോൾ സിനിമ മേഖലയിലും കൊറോണ വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. മലയാള സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാകും തീയേറ്റർ റിലീസുകൾ ഇല്ലാതെ ഒരു ഓണക്കാലം കടന്ന് പോകുന്നത്. തീയേറ്റർ റിലീസുകൾ ഇല്ലെങ്കിലും ഈ മാറിയ കാലത്ത് , ഓൺലൈൻ റീലിസിലൂടെ പുതിയ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തുകയാണ്.

മാർച്ച് മുതൽ അടഞ്ഞ് കിടക്കുന്ന തീയേറ്ററുകള്‍ ഓണത്തിനും തുറക്കുന്നില്ലെങ്കിലും വീട്ടിൽ റിലീസ് ചെയ്യാൻ എത്തുകയാണ് ചില ഓണം ചിത്രങ്ങള്‍. മിനി സ്ക്രീനിലും ഓൺലൈൻ പ്ലാറ്റ്‍ഫോമിലുമായാണ് ഇക്കുറി ഓണം റിലീസുകളെത്തുന്നത്. ടൊവിനോ തോമസ് നായകനാകുന്ന കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, ദുൽഖർ സൽമാൻ നിർമിച്ച് ജേക്കബ് ഗ്രിഗറി നായകനാവുന്ന ‘മണിയറയിലെ അശോകൻ’, ഫഹദ് ഫാസിൽ നായകനാവുന്ന ‘സീ യു സൂൺ’ എന്നീ സിനിമകളാണ് ഈ ഓണക്കാലത്ത് പ്രേക്ഷകരിലേക്കെത്തുന്നത്.

​‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’

ഏപ്രിലിൽ തീയേറ്റർ റിലീസ് പ്രഖ്യാപിച്ച ചിത്രം അവസാന നിമിഷമാണ് മാറ്റിവെക്കേണ്ടി വന്നത്. ടൊവിനോയും വിദേശ താരം ഇന്ത്യ ജാര്‍വിസും ജോജു ജോര്‍ജ്ജും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്. ഒട്ടേറെ ദേശീയ അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയ 2 പെൺകുട്ടികള്‍, കുഞ്ഞുദൈവം എന്നീ സിനിമകള്‍ക്ക് ശേഷം ജിയോ ബേബി ഒരുക്കുന്ന ചിത്രമാണിത്. ആദ്യമായി ടെലിവിഷനിലൂടെ റിലീസിനെത്തുന്ന ചിത്രം എന്ന നേട്ടമായാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ ഓണ ദിനമായ ഓഗസ്റ്റ് 31ന് ഏഷ്യാനെറ്റ് ചാനലിൽ റിലീസ് ചെയ്യുകയാണ്.

​‘മണിയറയിലെ അശോകൻ’

വേഫറെർ ഫിലിംസിന്‍റെ ബാനറിൽ നടൻ ദുൽഖർ സൽമാനും, ഗ്രിഗറിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ‘മണിയറയിൽ അശോകൻ’. സൂഫിയും സുജാതയും എന്ന ചിത്രത്തിന് ശേഷം ഒടിടി റിലീസായി എത്തുന്ന രണ്ടാമത്തെ മലയാള ചിത്രമാണിത്. നവാഗതനായ ഷംസു സായ്ബാ സംവിധാനം ചെയ്യുന്ന ചിത്രം, ആഗസ്റ്റ് 31ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ജേക്കബ് ഗ്രിഗറി, അനുപമ പരമേശ്വരൻ, സണ്ണി വെയ്ൻ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. ഷൈൻ ടോം ചാക്കോ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് തുടങ്ങിയവരും അഭിനയിക്കുന്ന സിനിമയിൽ ദുൽഖർ സൽമാനും അനു സിത്താരയും അതിഥി താരങ്ങളായി എത്തുന്നുമുണ്ട്.

​‘സീ യു സൂൺ’

ടേക്ക് ഓഫിന് ശേഷം സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനും ഫഹദ് ഫാസിലും ഒരുമിക്കുന്ന സിനിമയാണ് ​‘സീ യു സൂൺ’. കോവിഡ് പശ്ചാത്തലത്തിൽ ലഭിച്ച ഇളവുകളുടെ സമയത്ത് 18 ദിവസം കൊണ്ട് പൂർണ്ണമായും ഐ ഫോണിൽ ചിത്രീകരിച്ച സിനിമയാണിത്.
സെപ്റ്റംബർ ഒന്നിനാണ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ സിനിമയുടെ റിലീസ്. റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍, മാലാ പാര്‍വതി, സൈജു കുറുപ്പ് തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിലുണ്ട്.

ഇത് കൂടാതെ ചുരുളി, ലവ്, ഓപ്പറേഷൻ ജാവ, ഹലാൽ ലവ് സ്റ്റോറി, വെള്ളേപ്പം തുടങ്ങി നിരവധി മലയാള സിനിമകളിൽ സെപ്റ്റംബര്‍, ഒക്ടോബർ മാസങ്ങളിലായി ഒടിടി റിലീസിന് തയ്യാറെടുക്കുന്നതായും റിപോർട്ടുകൾ ഉണ്ട്.

cp-webdesk

null