കേരളത്തിന് പുറത്തു നിന്ന് ആര് വന്നാലും ഞങ്ങൾ ക്വാറന്റീനില്‍ ഇടും..അതിപ്പോ മാവേലി തമ്പുരാനാണെങ്കിലും ശരി….! വർഷത്തിൽ ഒരിക്കൽ വരുന്ന ആൾ എന്ന പരിഗണന പ്രതീക്ഷിക്കേ വേണ്ട..!
മലയാളികളെ കാണാൻ പാതാളത്തിൽ നിന്നുമെത്തുന്ന മാവേലിയെ ആരോഗ്യപ്രവർത്തകർ ആബുംലൻസിൽ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് കൊണ്ട് പോകുന്ന “കൊറോണം” എന്ന അനിമേഷൻ വീഡിയോ ആണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
അത്ത പൂക്കളവും, ഊഞ്ഞാലും, സദ്യയും, ഓണപ്പാട്ടുമൊക്കെയായി കേരളീയർ ഓണമാഘോഷിക്കുന്നത് പ്രതീക്ഷിച്ചെത്തിയ മാവേലി പക്ഷേ ഓണം കൊറോണ കൊണ്ട് പോയത് അറിഞ്ഞില്ല. ആവേശം മൂത്ത് നൃത്തം ചവിട്ടുന്ന മാവേലിക്ക് മാസ്കില്ല, ഗ്യാപ്പില്ലാ, സോപ്പില്ല!! ചീറിപ്പാഞ്ഞു വന്ന ആംബുലൻസിലെ ആരോഗ്യപ്രവർത്തകർ മാവേലിക്കൊപ്പം ചടുല താളം ചവിട്ടി,സെല്‍ഫിയുമെടുത്ത് സന്തോഷിപ്പിച്ചതിന് ശേഷം മാവേലിയെയും പൊക്കിയെടുത്ത് പാഞ്ഞു…
സുരക്ഷയുടെയും കരുതലിന്റെയും ഓണം മാസ്ക് വെയ്ക്കുന്നതിലൂടെയും, അകലം പാലിക്കുന്നതിലൂടെയുമാണെന്ന് കാണിക്കുന്ന വീഡിയോ വളരെ രസകരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ആനിമേറ്ററായ സുവി വിജയ് ആണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നതും ആനിമേഷൻ ഒരുക്കിയതും. മലയാളികളായ അണിയറ പ്രവർത്തകർ ലോകത്തിന്റെ പല ഭാഗത്തിരുന്നാണ് വീഡിയോ ഒരുക്കിയത്. സംഗീതം നിർവഹിച്ചിരിക്കുന്നത് ഡി.എ.വസന്താണ്.