മലയാളികളുടെ സ്വകാര്യ അഹങ്കാരം മെഗാ സ്റ്റാർ മമ്മൂക്ക ഇന്ന് 69 ലേക്ക് കടന്നിരിക്കുന്നു. ആരാധകർ മാത്രമല്ല താരങ്ങൾ ഉൾപ്പടെ നിരവധി മേഖലകളിൽ നിന്നും താരത്തിന് ആശംസകൾ നേർന്നിരിക്കുകയാണ്. ഒപ്പം മമ്മൂട്ടിക്കൊപ്പമുള്ള നല്ല നിമിഷങ്ങളും അനുഭവങ്ങളും പങ്കുവെച്ച് ധാരാളം പേർ ഓർമ്മകൾ പുതുക്കുകയാണ്. അതിലൊരാളാണ് തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ്. മമ്മൂട്ടിയിലൂടെ നിരവധി മികച്ച ചലച്ചിത്രങ്ങളാണ് ഡെന്നീസ് ജോസഫ് മലയാളത്തിന് സമ്മാനിച്ചത്. ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്ന “ന്യൂഡൽഹി” മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. ഒരിക്കൽ സംഭാക്ഷണത്തിനിടയിൽ മമ്മൂട്ടി ഡെന്നീസിനോട് തിരക്കഥ ഉണ്ടോ എന്ന് ചോദിച്ചു. ആ ചോദ്യത്തിൽ നിന്ന് ഒരു വലിയ സൂപ്പർ ഹിറ്റ് പിറന്ന കഥ പറയുകയാണ് ഡെന്നീസ് ജോസഫ്.
“മമ്മൂട്ടി ഒരുവര്‍ഷം 40 ലധികം സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ‘ഈറന്‍സന്ധ്യ’ എന്ന ചിത്രത്തിനിടെയായിരുന്നു അദ്ദേഹം പരിചയപ്പെട്ടത്. മമ്മൂട്ടിയായിരുന്നു നായകൻ. തിരക്കഥയിൽ സംവിധായകൻ ജേസി സാറിന് തൃപ്തിയില്ലായിരുന്നു. പല സീനുകളും മാറ്റിയെഴുതി. ഞാൻ സിനിമയിൽ നിന്ന് പുറത്താകുമെന്ന അവസ്ഥയായി. അവസാനം അന്നത്തെ പ്രമുഖ തിരക്കഥാകൃത്തായ ജോൺപോളിനെ വയ്ക്കാൻ തീരുമാനിച്ചു. എന്റെ സമ്മതത്തോടെ ജോൺപോൾ തിരക്കഥ മാറ്റിയെഴുതി. പി.ജി വിശ്വംഭരൻ സംവിധാനം ചെയ്യുന്ന ’ഈ തണലിൽ ഇത്തിരി നേരം’ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്ന് മമ്മൂട്ടിയെ ’ഈറൻ സന്ധ്യ’യുടെ സെറ്റിലേക്ക് കൊണ്ടു വരാനുള്ള ഉത്തരവാദിത്തം എനിക്കായിരുന്നു. പി.ജി. വിശ്വംഭരനെ കണ്ട് കാര്യം അവതരിപ്പിച്ചു. രാത്രി 11.30 ആയപ്പോഴാണ് ചിത്രീകരണം അവസാനിച്ചത്. മമ്മൂട്ടിയുടെ വെള്ള അംബാസിഡർ കാറിൽ ഞങ്ങൾ കുട്ടിക്കാനത്തേക്ക് തിരിച്ചു. ഞാനും മമ്മൂട്ടിയും കുട്ടിക്കാനം വരെ സംസാരിച്ചു.
പുതിയ കഥകൾ ഏതെങ്കിലുമുണ്ടോയെന്ന് മമ്മൂട്ടി ചോദിച്ചു. എന്റെ മനസിൽ തോന്നിയ ചില ആശയങ്ങളും കഥകളുമൊക്കെ പറയുകയും ചെയ്തു. ഞാൻ ലൊക്കേഷനിൽ സ്ഥിരം സന്ദർശകൻ അല്ലാത്തതിനാൽ പിന്നിട് മമ്മൂട്ടിയെ കാണാൻ സാധിച്ചില്ല. സിനിമ റിലീസ് ചെയ്തപ്പോള്‍ തിരക്കഥാകൃത്തിന്റെ സ്ഥാനത്ത് എന്റെ പേരായിരുന്നു കൊടുത്തത്. മാറ്റിയെഴുതിയ തിരക്കഥയില്‍ താന്‍ തൃപ്തനായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. ‘എടോ തന്റെ കൈയിൽ അന്നൊരു കഥയുണ്ടെന്നു പറഞ്ഞില്ലേ. നമ്മുടെ ജൂബിലി ജോയിക്ക് അത്യാവശ്യമായി ഒരു കഥ വേണം.’ അക്കാലത്ത് ജൂബിലി പ്രൊഡക്ഷൻസ് നിർമ്മിച്ച മമ്മൂട്ടി ചിത്രം സന്ദർഭം 163 ദിവസമാണ് എറണാകുളത്തു ഓടിയത്. ജൂബിലി പ്രൊഡക്ഷൻസിലെ ജോയ് തോമസിനെ എനിക്ക് കുട്ടിക്കാലം മുതലേ അറിയാം. എത്രയും പെട്ടെന്ന് തിരക്കഥ പൂർത്തിയാക്കാൻ പറഞ്ഞിട്ട് മമ്മൂട്ടി പുതിയ പടത്തിന്റെ ലൊക്കേഷനിലേക്ക് പോയി. അതിനുശേഷം മമ്മൂട്ടിക്ക് വേണ്ടി നിറക്കൂട്ട് ,പ്രണാമം,വീണ്ടും എന്നി ചിത്രങ്ങൾ ചെയ്തു. നിറക്കൂട്ട് സൂപ്പർഹിറ്റായി.
രാജാവിന്റെ മകന് ശേഷം ഞാൻ തിരക്കഥയൊരുക്കിയ രണ്ടുമൂന്നു ചിത്രങ്ങൾ വൻ പരാജയങ്ങളായി. അതുപോലെ ജോഷിയുടെയും. തുടർ പരാജയങ്ങൾക്കു ശേഷം വന്ന ചിത്രമായിരുന്നു ”ന്യൂഡൽഹി”. വ്യവസ്ഥാപിത സങ്കല്പങ്ങൾക്കെല്ലാം വിരുദ്ധമായ ഒരു നായകനെയാണ് ഞങ്ങൾ ന്യൂഡൽഹിക്കായി സൃഷ്ടിച്ചത്. മലയാള സിനിമ കണ്ട ചരിത്ര വിജയങ്ങളിലൊന്നായി മാറുകയായിരുന്നു ന്യൂഡൽഹി. തുടർപരാജയങ്ങളിൽ നിരാശനായിരുന്ന മമ്മൂട്ടിക്കും ആ വിജയം പുത്തനുണർവ് സമ്മാനിച്ചുവെന്നും ഡെന്നീസ് ജോസഫ് പറയുന്നു.