Cinemapranthan

തിരഞ്ഞെടുപ്പുകൾക്കപ്പുറം സ്വയം ഒരു ഉടച്ചു വാർക്കൽ അയാളിൽ പ്രകടമാണ്; പഴയ ‘അപ്പുക്കുട്ടൻ’ അല്ല ഇന്നത്ത ‘ജഗദീഷ്’

null

തൊണ്ണുറുകളുടെ തുടക്കത്തില്‍ ഒരു നായകനില്‍ കഥ കേന്ദ്രീകരിക്കാതെ ഒരു കൂട്ടത്തിന്‍റെ കഥ പറയുന്ന സിനിമകളുടെ കുത്തൊഴുക്കായിരുന്നല്ലൊ.. ഹരിഹര്‍ നഗറിനു ശേഷം അത്തരം പാറ്റേണ്‍ സിനിമകള്‍ക്ക് നല്ല മാര്‍ക്കറ്റുമായിരുന്നു. മധ്യവർഗ തൊഴിൽ രഹിതരയായ ചെറുപ്പക്കാർ അല്ലെങ്കിൽ നാടക/ മിമിക്രി /ഗാനമേള സംഘങ്ങൾ അതുമല്ലെങ്കിൽ ഡോ.പശുപതി പോലുള്ള തനി ഗ്രാമീണ സിനിമകൾ.. ഹാസ്യത്തിന് പ്രാധാന്യം കൊടുത്തൊരുക്കുന്ന അത്തരം സിനിമകളിലെ ഒഴിച്ച് കൂടാനാവാത്തൊരു ഒരേ ഒരു ഘടകമായിരുന്നു ജഗദീഷ് എന്ന നടന്‍.

തമാശ തന്നെ ആയിരുന്നു അദ്ദേഹത്തിന്‍റെ തട്ടകം. സിറ്റുവേഷന്‍ കോമഡിയെ ചില എക്സ്പ്രഷന്‍ കൊണ്ടും നോട്ടം കൊണ്ടുമെല്ലാം ജഗദീഷ് തനറെ ശൈലിയിൽ ചെയ്യുന്നത് കണ്ട് ആർത്തു ചിരിച്ചൊരു സമയം ഉണ്ടായിരുന്നു. തത്‌ഫലം ആവും നിരവധി ലോ ബഡ്ജറ്റ് സിനിമകളുടെ സ്ഥിരം നായകനായി അയാള്‍ മാറുന്നതും. മികച്ചതെന്ന് അവകാശവാദമില്ലെങ്കിലും ഇന്നും നേരംപോക്കിന് ആശ്രയിക്കുന്നവർക്ക് ഒരു മടുപ്പുമില്ലാതെ കാണാവുന്ന എത്രയോ സിനിമകളിൽ നായകനായി ജഗദീഷ് അവതരിച്ചു.. സിംഹവാലൻ മേനോൻ, ഗജരാജമന്ത്രം, ഗുരുശിഷ്യൻ, ഗ്രാമപഞ്ചായത്ത്, ആലിബാബയും ആറരക്കള്ളന്മാരും തുടങ്ങുങ്ങിയ ചിത്രങ്ങൾ അതിനു ഉദാഹരണങ്ങൾ ആണ്. അതിനൊപ്പം തന്നെ സത്രീധനവും വെല്‍ക്കം ടു കൊടൈക്കനാലും സ്ഥലത്തെ പ്രധാന പയ്യന്‍സുമടക്കം സൂപ്പർ ഹിറ്റുകളും ജഗദീഷിന്‍റേതായി പിറന്നു.

എന്നാല്‍ ഇതിനൊക്കെ മുകളിൽ ആയിരുന്നു രഞ്ജിത്തിന്റെ ലീലയിലെ തങ്കപ്പന്‍ നായര്‍ എന്ന കഥാപാത്രം.. നെഗറ്റീവ് ഷേഡുള്ള ഇത്ര കരുത്തുറ്റ കഥാപാത്രം ജഗദീഷിൽ നിന്ന് കണ്ട് അമ്പരന്നു നിന്നതിൽ നിന്നാവും പുതിയ തലമുറയിലെ സംവിധായകർ ജഗദീഷ് എന്ന നടനെ മാറ്റി ഉപയോഗിച്ച് തുടങ്ങുന്നത്. അടിമുടി തന്റെ ആക്ടിങ് സ്റ്റൈൽ പുതിയകാലത്തിനോട് ചേർത്ത് നിർത്തുകയാണ് ഇപ്പോൾ ജഗദീഷ്. ബോഡി ലാംഗ്വേജ്, ഡയലോഗ് ഡെലിവറി എല്ലാം പുതിയ പരുവം. കാപ്പയിലെ ജബ്ബാർ , റോഷാകിലെ അഷ്‌റഫ് , പുരുഷപ്രേതത്തിലെ ദിലീപ്.. സംവിധായകന്റെ തിരഞ്ഞെടുപ്പുകൾക്കപ്പുറം സ്വയം ഒരു ഉടച്ചു വാർക്കൽ അയാളിൽ പ്രകടമാണ് അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാവും ‘ഫാലിമി’ എന്ന ജഗദീഷ് ബേസിൽ ജോസഫ് കോമ്പിനേഷനിൽ വരുന്ന പുതിയ ചിത്രം.. ചിത്രത്തിന്റെ ടീസറിൽ കണ്ട ജഗദീഷ് ഒരുപാട് പ്രതീക്ഷ തരുന്നുണ്ട്.

null