യൂട്യൂബ് ചാനലിലൂടെ തനിക്ക് എതിരെ അപവാദ പ്രചരണം നടത്തിയെന്ന പരാതിയുമായി ഗായകന്‍ എം ജി ശ്രീകുമാർ. ഒരു സ്വകാര്യ ചാനലില്‍ നടന്ന മ്യൂസിക് റിയാലിറ്റിഷോയുടെ ഗ്രാന്‍ഡ് ഫിനാലെയുമായി ബന്ധപ്പെട്ടാണ് അപവാദപ്രചരണമുണ്ടായതെന്നാണ് എം ജി ശ്രീകുമാര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതേ തുടർന്ന് മൂന്ന് യൂട്യൂബര്‍മാര്‍ക്കെതിരെ ചേര്‍പ്പ് പൊലീസ് കേസെടുത്തു.
റിയാലിറ്റിഷോയുടെ ഫിനാലെയില്‍ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാര്‍ത്ഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നല്‍കിയെന്നാണ് വിദ്യാര്‍ഥികളായ യൂട്യൂബര്‍മാര്‍ യൂട്യൂബ് വീഡിയോയിലൂടെ ഉന്നയിച്ച ആരോപണം. ഇതേ തുടർന്ന്, തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ഇവര്‍ ചെയ്തതെന്ന് എം.ജി. ശ്രീകുമാര്‍ ഡി ജി പി ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
പിന്നീട് വീഡിയോ ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് മറ്റൊരു വീഡിയോ വിദ്യാര്‍ത്ഥികള്‍ പങ്കുവെച്ചിരുന്നു. എന്നാൽ ഇതിന് മുൻപ് തന്നെ അഞ്ച് ലക്ഷത്തോളം പേർ ഈ വീഡിയോ കണ്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് പരാതി നല്‍കിയത്. ഇവരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി നടപടികള്‍ പൂര്‍ത്തിയാക്കി വിട്ടയച്ചു.