അടുത്ത കാലത്ത് ഏറെ ചർച്ചയായ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വീരഗാഥകള്‍ പാടി വടക്കേ മലബാറിലെ ഒരു കൂട്ടം സുഹൃത്തുക്കള്‍ ശ്രദ്ധേയരാവുകയാണ്. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നയിച്ച സമരമുറകൾ വര്‍ഗീയതയിലൂന്നിയ തീവ്ര ദേശീയവാദം ഹിന്ദുത്വ വിരുദ്ധമായി ചിത്രീകരിക്കുന്നിടത്താണ് ‘വാരിയന്‍ കുന്നന്‍’ എന്ന സംഗീത ആല്‍ബത്തിന്‍റെ പ്രസക്തി. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് സ്വദേശികളായ ഒരു കൂട്ടം ചെറുപ്പക്കാരാണ് ‘വാരിയൻ കുന്നത്തിലെ’ ചരിത്ര സ്മരണകളെ തിരികെ കൊണ്ട് വരുന്ന ‘വാരിയൻ കുന്നൻ’ എന്ന ഗസൽ ആല്‍ബം തയ്യാറാക്കിയിരിക്കുന്നത്.
ഹോട്ടല്‍ ബിസിനസുകാരനായ ഈറ്റിശ്ശേരി ഷാനവാസാണ് ഗാനം രചിച്ചിരിക്കുന്നത്. കവ്വാലി ഗസല്‍ ഭാവത്തില്‍ ഒഴുകി നടക്കുന്ന ഗാനം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. വാരിയന്‍ കുന്നനുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നുണ്ടായതും അല്ലാത്തതുമായ എല്ലാ അറിവുകളും ചേർത്ത് വെച്ചാണ് ഷാനവാസ് ഈ ഗാനം രചിച്ചിരിക്കുന്നത്. കമറുദ്ദീന്‍ കീച്ചേരിയാണ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. റഷീദ് അമ്മാനപ്പാറയാണ് ഗാനം ആലപിച്ചത്. ഇതിനു പിന്നാലെയാണ് സുഹൃത്തുക്കളും മുന്നോട്ടു വരുന്നത്. ദുബായില്‍ ബിസിനസുകാരനായ കെവി സത്താര്‍ ആണ് ആൽബം നിർമ്മിക്കുന്നത്. സൂപ്പര്‍ സിദ്ദിഖ്, ശിഹാബ് ഷിയ എന്നിവരാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്.
ഒരു മരമില്ലില്‍, മുതിര്‍ന്ന കാരണവരും തൊഴിലാളികളും തമ്മിലുള്ള സംഭാഷണ രീതിയിലൂടെയാണ് ദൃശ്യാവിഷ്‌കാരം നടത്തിയിരിക്കുന്നത്. ദില്‍ഷാദ് പാലക്കോടന്റേതാണ് ആശയം. നിയാസ് ഈറ്റിശ്ശേരി, സുനീർ ഞാറ്റുവയൽ, ജുറൈജ്, റഷീദ് അമ്മാനപ്പാറ, ഇബ്രാഹിം കൊറ്റി, ഈറ്റിശ്ശേരി ഷാനവാസ് എന്നിവരാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ആല്‍ബത്തിന്‍റെ പ്രചാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചത് ഖലീല്‍ കായക്കൂല്‍ ആണ്.
മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക് പേജിലൂടെയാണ് ആൽബം റിലീസ് ചെയ്തത്. വളരെ വേഗം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു ഗാനം.