രോഹിത്ത് വിഎസ്ന്റെ സംവിധാനത്തിൽ ടൊവിനോയും സുമേഷ് മൂറും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് കള. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നല്കിയൊരുക്കിയ ചിത്രം പറയുന്ന രാഷ്ട്രീയവും ഏറെ ചർച്ചയായിരുന്നു.
അതേസമയം ചിത്രത്തില്‍ ടൊവിനോ അവതരിപ്പിച്ച ഷാജിയും ദിവ്യ പിള്ള അവതരിപ്പിച്ച വിദ്യയും തമ്മിലുള്ള ചുംബനരംഗവും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ടൊവിനോയ്‌ക്കെതിരെ വ്യക്തിപരമായി തന്നെ ചിലര്‍ അധിക്ഷേപം നടത്തിയിരുന്നു. അഭിനയിക്കാന്‍ അറിയാത്തത് കൊണ്ടാണ് ചുംബന രംഗങ്ങള്‍ ചെയ്ത് സിനിമയില്‍ പിടിച്ചു നില്‍ക്കുന്നതെന്ന് പോലും ചിലര്‍ അധിക്ഷേപിക്കുകയുണ്ടായി. എന്നാല്‍ ഇപ്പോഴിതാ തനിക്കെതിരേയും കളയിലെ ചുംബന രംഗത്തിനെതിരേയും ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ടൊവിനോ എത്തിയിരിക്കുകയാണ്. സിനിമ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോയുടെ പ്രതികരണം.
“ഞാന്‍ ഇത്തരത്തിലുള്ള ചില പോസ്റ്റുകള്‍ കണ്ടിരുന്നു. സിനിമ സിനിമ ഗംഭീരമാണ്, പക്ഷേ അവര്‍ക്ക് പ്രണയ രംഗങ്ങള്‍ ഒഴിവാക്കാമായിരുന്നു അത്തരം രംഗങ്ങള്‍ ഒരു കുടുംബത്തോടൊപ്പം കാണാന്‍ പ്രയാസമാണ് എന്നൊക്കെയുള്ള തരത്തില്‍. പക്ഷേ ഒരു ‘എ’ സര്‍ട്ടിഫൈഡ് സിനിമയില്‍, 45 മിനുറ്റ് അടിയും ഇടിയും കാണാം, അത കുഴപ്പമില്ല, പക്ഷേ രണ്ട് മിനുറ്റ് പ്രണയ രംഗം കാണാന്‍ സാധിക്കില്ല, ഇതിലെ യുക്തി എവിടെ?”- ടൊവിനോ പറയുന്നു . കളയിലെ യഥാര്‍ത്ഥ വില്ലന്‍ താന്‍ അവതരിപ്പിച്ച ഷാജിയാണെന്നും ടൊവിനോ കൂട്ടിച്ചേർത്തു