Cinemapranthan
null

കേരളത്തിൽ തിയറ്ററുകൾ ഉടൻ തുറക്കും; ‘മാസ്റ്റർ’ 13ന് തന്നെയെന്ന് വിതരണക്കാർ

വിവിധ സംഘടനകൾ കൊച്ചിയിൽ യോഗം ചേർന്ന് തിയേറ്ററുകൾ എന്ന് തുറക്കാനാകുമെന്ന് തീരുമാനം എടുക്കും

null

കേരളത്തിൽ തിയറ്ററുകൾ ഉടൻ തുറക്കും. സിനിമാ സംഘടനകൾ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. വിനോദ നികുതിയിൽ ഇളവ് നൽകണമെന്ന ആവശ്യം മുഖ്യമന്ത്രിയോട് ഉന്നയിച്ചു. ആവശ്യങ്ങളോട് മുഖ്യമന്ത്രി അനുകൂല നിലപാടാണ് എടുത്തതെന്ന് സംഘടനാ പ്രതിനിധികൾ അറിയിക്കുന്നു.

അതേസമയം, സെക്കൻഡ് ഷോ അനുവദിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിസന്ധിമൂലം അടഞ്ഞുകിടന്ന സമയത്തെ സാമ്പത്തിക നഷ്ടങ്ങളുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി സംഘടന പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു.

വിവിധ സംഘടനകൾ കൊച്ചിയിൽ യോഗം ചേർന്ന് തിയേറ്ററുകൾ എന്ന് തുറക്കാനാകുമെന്ന് തീരുമാനം എടുക്കും. ഫിലിം ചേംബര്‍, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, തിയറ്റര്‍ സംഘടനയായ ഫിയോക് എന്നീ സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

കൂടാതെ റിലീസ് പ്രതിസന്ധിയിലായ വിജയ് ചിത്രം മാസ്റ്റർ ജനുവരി 13 ന് തന്നെ കേരളത്തിലും പ്രദർശനത്തിനെത്തും എന്നാണ് റിപോർട്ടുകൾ. റിലീസ് തീയതിയിൽ മാറ്റമില്ലെന്ന് കേരളത്തിലെ ചിത്രത്തിന്റെ വിതരണക്കാർ ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചിരുന്നു. തമിഴ്‍നാട്ടില്‍ പൊങ്കല്‍ റിലീസ് ആയി 13ന് റിലീസ് ചെയ്യുന്ന വിജയ് ചിത്രം ‘മാസ്റ്ററി’ന്‍റെ കേരളത്തിലെ വിതരണാവകാശം നേരത്തേ വിറ്റുപോയിരുന്നു. ട്രാവന്‍കൂര്‍ ഏരിയയിലെ വിതരണാവകാശം നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസിനും കൊച്ചിന്‍-മലബാര്‍ ഏരിയയുടെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസിനുമാണ്.

പത്ത് മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന കേരളത്തിലെ തീയേറ്ററുകള്‍ തുറക്കാമെന്ന് പുതുവത്സര ദിനത്തിലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഈ മാസം അഞ്ച് മുതല്‍ തീയേറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്. എന്നാല്‍ പകുതി സീറ്റുമായി പ്രദര്‍ശനം നടത്തുന്നത് തങ്ങള്‍ക്ക് നഷ്‍ടമാണെന്നും വൈദ്യുതി ഫിക്സഡ് ചാര്‍ജ്, വിനോദ നികുതി എന്നിവയില്‍ ഇളവ് അനുവദിക്കുമോ എന്നറിഞ്ഞിട്ടേ തീരുമാനം എടുക്കൂവെന്നും ഫിയോക് തൊട്ടുപിന്നാലെ പ്രതികരണം അറിയിച്ചിരുന്നു.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ തീയേറ്ററുകള്‍ തുറക്കാനാവില്ലെന്ന് ഫിലിം ചേംബറും അറിയിച്ചിരുന്നു. വിനോദ നികുതി ഒഴിവാക്കണമെന്നും പ്രദര്‍ശനസമയത്തില്‍ മാറ്റം അനുവദിക്കണമെന്നുമായിരുന്നു സംഘടനയുടെ ആവശ്യം. 50 ശതമാനം പ്രവേശനം അനുവദിച്ചുകൊണ്ട് തീയേറ്റര്‍ തുറക്കല്‍ സാധ്യമല്ലെന്നും ചേംബര്‍ അറിയിച്ചിരുന്നു. തീയേറ്ററുകള്‍ക്ക് ഉറപ്പു നല്‍കിയിരുന്ന ഇളവുകള്‍ നല്‍കാത്തതില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു ഫിലിം ചേംബര്‍.

cp-webdesk

null
null