കോവിഡ് രണ്ടാം തരംഗം അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇപ്പോഴും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാത്തവർ നിരവധിയാണ് എന്നും അത് കൊണ്ട് തന്നെ ആരും പുറത്തിറങ്ങാതെ സുരക്ഷിതമായി വീടുകളിൽ തന്നെ കഴിയണമെന്ന് അപേക്ഷിക്കുകയാണ് നടൻ ഷെയിൻ നിഗം. ഫേസ്ബുക്കിൽ ആണ് കൺമുന്നിൽ നിന്ന് പ്രിയപ്പെട്ടവർ മാഞ്ഞുപോകുന്ന അവസ്ഥ അതിഭീകരമാണ് എന്ന് താരം കുറിച്ചത്.
കുറിപ്പ് വായിക്കാം
”പ്രിയപ്പെട്ടവർ കൺമുന്നിൽ നിന്ന് മാഞ്ഞുപോകുന്ന അവസ്ഥ അതിഭീകരമാണ്. ഇപ്പോഴും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാത്തവർ നിരവധിയാണ്, അനാവശ്യമായി പുറത്ത് ഇറങ്ങുന്നവർ അവരുടെ മുഴുവൻ കുടുംബത്തെയും അപകടത്തിൽ ആക്കുകയാണ് എന്നുള്ള ബോധ്യം ഉണ്ടായിരിക്കണം. ആയതിനാൽ സ്വയം ശുചിത്വം പാലിക്കുക, അനാവശ്യമായി പുറത്ത് ഇറങ്ങാതിരിക്കുക, ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കുക.”
കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മെയ് 8 മുതൽ 16 വരെ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് കേരളാ സർക്കാർ. അതെ സമയം സംസ്ഥാനത്ത് ഇന്നലെ 27,487 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,748 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,71,33,089 സാമ്പിളുകളാണ് പരിശോധിച്ചത്. 65 പേർ ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ മരണം 5879 ആയി.