യൂട്യൂബിൽ ഒരു ബില്യൺ (100 കോടി) വ്യൂസ് നേടി റെക്കോർഡിട്ട് തെന്നിന്ത്യയുടെ ‘റൗഡി ബേബി’ മുന്നേറുകയാണ്. ഇതിന് പിന്നാലെ സ്വപ്‌ന നേട്ടത്തിന്റെ സന്തോഷം പങ്കുവെച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും എത്തിയിരുന്നു. ഗാനത്തിന്റെ നേട്ടത്തിനെ കുറിച്ച് ഒരു സ്‌പെഷ്യല്‍ പോസ്റ്റര്‍ ആയിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
ചിത്രത്തിലെ നായകന്‍ ധനുഷ് ഗിറ്റാര്‍ പിടിച്ച് നില്‍ക്കുന്നതായിരുന്നു ചിത്രം. അതേസമയം പോസ്റ്ററിനെതിരെ ഇപ്പോള്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ചിത്രത്തിലെ നായികയായ സായി പല്ലവിയെ പോസ്റ്ററില്‍ ഉള്‍പ്പെടുത്താത്തതാണ് പ്രതിഷേധത്തിന് കാരണം. ഒട്ടേറെ ആരാധകരാണ് ഈ ആവശ്യം ഉന്നയിച്ച സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും കമന്റുകളും രേഖപ്പെടുത്തിയിരിക്കുന്നത്.
സായ് പല്ലവി ഇല്ലെങ്കില്‍ റൗഡി ബേബി പൂര്‍ണമാകില്ലെന്നും പാട്ട് ഇത്രയും വലിയ വിജയം നേടിയതില്‍ ധനുഷിനെപ്പോലെ തന്നെ സായിക്കും പങ്കുണ്ടെന്നും ആരാധകര്‍ പറയുന്നു.
ലോക പ്രശസ്തിയാര്‍ജ്ജിക്കുന്ന വീഡിയോകളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന യൂട്യൂബിന്‍റെ ബില്‍ബോര്‍ഡ് പട്ടികയിൽ വരെ നാലാം സ്ഥാനത്തെത്തി ചരിത്രം സൃഷ്ടിച്ച ഗാനമായിരുന്നു മാരി2 വിലെ ‘റൗഡി ബേബി’. 10 കോടി കാഴ്ചക്കാരുമായി മുന്നേറി കൊണ്ടിരിക്കുമ്പോഴായിരുന്നു ‘റൗഡി ബേബി’ ഗാനം ബിൽബോർഡ് യൂട്യൂബ് ചാർട്ടിൽ ഇടം നേടിയത്. ഇതിനിടയിലാണ് ഈ പുതിയ നേട്ടവും ‘റൗഡി ബേബി’ കൈവരിച്ചിരിക്കുന്നത്.
ധനുഷും ദിയയും ചേർന്ന് ആലപിച്ച ഗാനത്തിന് സംഗീതം നൽകിയത് യുവൻ ശങ്കർരാജ ആണ്. 2018 മാർച്ചിൽ റിലീസിനെത്തിയ ‘മാരി2’ എന്ന ചിത്രത്തിലെ ഈ ഗാനത്തിൽ സായ് പല്ലവിയും ധനുഷും ആണ് മനോഹരമായ നൃത്തച്ചുവടുകളുമായി പ്രേക്ഷകരുടെ മനം കവർന്നത്. പ്രഭുദേവയാണ് റൗഡി ബേബിയുടെ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത്. ചെന്നൈയിലെ എവിഎം സ്റ്റുഡിയോയിൽ ആണ് ഗാനം ചിത്രീകരിച്ചത്.