ലോക്ക്ഡൗണിന് ശേഷം തിയേറ്ററിൽ എത്തിയ മലയാള ചിത്രം ‘വെള്ളം’ ജയസൂര്യയുടെ മിന്നുന്ന പ്രകടനം കൊണ്ട് ഏറെ ശ്രദ്ധേയമാവുകയാണ്. ജയസൂര്യക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം നേടാൻ ഇടയാക്കിയ ക്യാപ്റ്റൻ എന്ന ചിത്രത്തിന് ശേഷം ജയസൂര്യ പ്രജേഷ് സെൻ കൂട്ടുകെട്ടിൽ മറ്റൊരു ചിത്രം എത്തുമ്പോൾ പ്രേക്ഷക പ്രതീക്ഷകൾ ഏറെയായിരുന്നു. സിനിമയുടെ ടീസറും ട്രെയിലറുകളും എല്ലാം ഈ പ്രതീക്ഷകൾ വർദ്ധിപ്പിക്കുകയായിരുന്നു. ഈ പ്രതീക്ഷകൾക്കും മുകളിൽ നിൽക്കുന്ന പ്രകടനം തന്നെയായിരുന്നു സിനിമയിൽ ജയസൂര്യ കാഴ്ച്ചവെച്ചത്.
മുഴുവൻ സമയം മദ്യപാനിയായ മുരളി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്. മലയാള സിനിമയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു കുടിയൻ കഥാപാത്രത്തെയാണ് വെള്ളത്തിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്. നാട്ടിൻപുറത്തെ തീർത്തും സാധാരണക്കാരനായ ഒരു മുഴുക്കുടിയനായ വ്യക്തിയുടെ എല്ലാ വിധ മാനറിസങ്ങളും ഏറ്റവും കൃത്യമായി തന്നെ ജയസൂര്യ നമുക്ക് സ്‌ക്രീനിൽ കാണിച്ചു തന്നു. കഥാപാത്രം നേരിടുന്ന ഒറ്റപ്പെടലുകളും ജീവിത പ്രതിസന്ധികളെയുമെല്ലാം നേർകാഴ്ച്ചയെന്നോണം പ്രേക്ഷകർക്ക് അനുഭവിക്കാനാകും എന്നും ഉറപ്പാണ്.
യഥാർത്ഥ ജീവിത കഥാപാത്രങ്ങളെ സ്‌ക്രീനിൽ എത്തിക്കുന്നതിൽ ജയസൂര്യ എന്ന നടനുള്ള മികവ് പോയവർഷം എത്തിയ ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നിങ്ങനെയുള്ള സിനിമകളിലൂടെ നമ്മൾ കണ്ടതാണ്. അതിലും ഒരുപടി മുകളിൽ തന്നെയാണ് വെള്ളത്തിലെ മുരളി. ഒരു മദ്യപാനി ആയാൽ അറിഞ്ഞും അറിയാതെയും തന്റെ കുടുംബത്തെയും സമൂഹത്തെയും ഏതു തരത്തിലാണ് സ്വാധിനിക്കുക, എങ്ങനെയാണു അവരെ മറ്റുള്ളവർ നോക്കിക്കാണുക എന്നെല്ലാം വളരെ കൃത്യമായി സിനിമ വരച്ചുകാട്ടുന്നു. നായിക സംയുക്ത മേനോൻന്റെ കയ്യടക്കമുള്ള പ്രകടനവും. ഏറെ പ്രാധ്യമുള്ള സിദ്ധിഖിന്റെ വേഷവും കയ്യടി അർഹിക്കുന്ന ഒന്നാണ്. ഒരൊറ്റ സീനിൽ വന്ന് തിയേറ്ററിലെ മുഴുവൻ പ്രേക്ഷകരുടെയും കയ്യടി ഏറ്റുവാങ്ങിയ ഇന്ദ്രൻസ് എന്ന നടനെകുറിച്ചും പറയാതിരിക്കാനാകില്ല.
കുടുംബപ്രേക്ഷകരടക്കം എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ചിത്രമായാണ് സംവിധായകനായ പ്രജേഷ് സെൻ വെള്ളത്തെ ഒരുക്കിയെടുത്തിരിക്കുന്നത്. ബിജിപാലാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. റോബി വർഗീസ് രാജിന്റെ ക്യാമറ വടക്കൻ കേരളത്തിന്റെ സൗന്ദര്യം ഭംഗിയായി തന്നെ സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. ഫ്രണ്ട്ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ് കുട്ടി മഠത്തിൽ, യദു കൃഷ്ണ, രഞ്ജിത് മനമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഏതായാലും മുന്നൂറിൽ അധികം ദിവസത്തെ ഇടവേളക്ക് ശേഷം തിയേറ്ററിലേക്ക് എത്തിയ ഈ മലയാള ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ല.