ബോളിവുഡിൽ ഒട്ടേറെ ശ്രദ്ധേയമായ ‘അന്ധാദുന്‍’ മലയാളം റീമേക്ക് ഒരുങ്ങുന്നു. പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്, മംമ്ത മോഹന്‍ദാസ് എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്നത് രവി കെ ചന്ദ്രന് ആണ്.
ആയുഷ്മാന്‍ ഖുരാന, തബു, രാധികാ ആപ്തേ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘അന്ധാദുന്‍’ ബോളിവുഡിൽ ഏറെ ശ്രദ്ധേയമായിരുന്നു. എന്നാൽ ഈ ചിത്രത്തിന്റെ റീമേക്കാണ് ഇപ്പോൾ ഒരുങ്ങുന്നത് എന്ന ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
‘ഭ്രമം’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം ജനുവരി 27 ന് എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും. എ പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരും മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. തിരക്കഥ,സംഭാഷണം ഒരുക്കുന്നത് ശരത് ബാലന് ആണ്. ലെെന്‍ പ്രൊഡ്യുസര്‍-ബാദുഷ എന്‍ എം, എഡിറ്റിംഗ്- ശ്രീകര്‍ പ്രസാദ്, സംഗീതസംവിധാനം- ജാക്സ് ബിജോയ്.
ബോളിവുഡിലെ ശ്രദ്ധേയനായ ഛായാഗ്രാഹകൻ രവി കെ ചന്ദ്രന് മലയാളത്തിലെ ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ള വ്യക്തിയാണ്. ദ കിംഗ്, തലസ്ഥാനം, ഏകലവ്യന്, മാഫിയ എന്നിങ്ങനെ ഹിറ്റ്ചിത്രങ്ങളുടെ ഛായാഗ്രാഹകനായ അദ്ദേഹം ബോളിവുഡിൽ വിരാസത്, ദില്‍ ചാഹ്താ ഹെ, കന്നത്തില്‍ മുത്തമിട്ടാല്‍, ബോയ്സ്, ഫന, ഗജിനി എന്നീ സിനിമകളുടെ ക്യാമറമാൻ ആയിരുന്നു.