Cinemapranthan

‘മമ്മൂക്ക എന്ന പുലി കൂടെയുള്ളതാണ് എന്റെ ധൈര്യം’: പ്രീസ്റ്റ് തിയേറ്റർ റിലീസിനെ കുറിച്ച് ആന്റോ ജോസഫ്

null

ഒട്ടേറെ പ്രതിസന്ധിയിലൂടെ കടന്ന് പോയ മലയാള സിനിമക്ക് പുത്തൻ ഉണർവ് സമ്മാനിച്ചിരിക്കുകയാണ് ദ പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രം.
അതേസമയം ചിത്രം ഒടിടി റിലീസ് ചെയ്യാൻ ആലോചിച്ചിരുന്നുവെന്നും തിയേറ്ററിലെത്തിക്കാനുള്ള ധൈര്യം തന്നത് മമ്മൂട്ടിയാണ് എന്നും നിർമാതാവ് ആന്റോ ജോസഫ് കഴിഞ്ഞ ദിവസം പറയുകയുണ്ടായി.

“മമ്മൂട്ടിയുടെ ഇടപെടലിലാണ് ഈ സിനിമയ്ക്ക് സെക്കൻഡ് ഷോ കിട്ടിയത്. അതിലെല്ലാം ഉപരി എനിക്ക് മമ്മൂക്ക തന്ന ധൈര്യമാണ് ഈ സിനിമ തിയേറ്ററിലെത്തിച്ചത്. അല്ലെങ്കിൽ ഞാൻ മറിച്ചു ചിന്തിച്ചേനെ. ഈ പുലി കൂടെയുള്ളതു കൊണ്ടാണ് ഞാനീ സിനിമ തിയേറ്ററിലെത്തിക്കാൻ ധൈര്യം കാണിച്ചത്. തിയേറ്ററുകളെ ആരവം കണ്ട് ആവേശം കൊണ്ടുപോയി”- ആന്റോ ജോസഫ്

ദൈവം തന്നൊരു വിജയമാണിത്. ടെൻഷൻ വരുമ്പോൾ ഞാൻ മമ്മൂക്കയോട് ചോദിക്കും. മമ്മൂക്ക ഒടിടി നല്ല വില പറയുന്നുണ്ട്. ഞാനൊന്ന് ആലോചിച്ചോട്ടെ എന്ന്. പറയുമ്പോഴൊക്കെ മമ്മൂക്ക നിനക്ക് ടെൻഷനാണെങ്കിൽ ആലോചിക്ക്. പക്ഷേ, നമ്മളത് ചെയ്യുന്നത് ശരിയാണോ എന്നൊരു ചോദ്യം ചോദിക്കുമ്പോൾ ഞാനൊന്നു കൂടെ പതറും. അപ്പോ മമ്മൂക്ക പറയും. നീ ധൈര്യമായിട്ടിരിക്ക്. സിനിമ ഇനിയും ലൈവാകുന്ന കാലം വരും. ഞാനുണ്ടല്ലോ കൂടെ. ഈ സിനിമ പ്രേക്ഷകർ തിയേറ്ററിൽ കാണാനാണ് ആഗ്രഹിക്കുന്നത്. ഇത് തിയേറ്റർ എക്‌സ്പീരിയൻസ് ആണ്. ഒരു പുതുമുഖ സംവിധായകന്റെ പടമാണ്. അവന്റെ ആഗ്രഹം പ്രേക്ഷകരുടെ കൈയടി കിട്ടി ആ പടം കാണുന്നവന്റെ സന്തോഷമായിരിക്കും. അങ്ങനെ മമ്മൂക്കയുടെ ഒരു പിൻബലത്തിലാണ് ഈ സിനിമ തിയേറ്ററിലെത്തിയത്’ – അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് സെക്കന്റ് ഷോ അനിശ്ചിതത്വത്തിന് ശേഷം ആദ്യം റിലീസ് ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. കൊവിഡ് പശ്ചാത്തലത്തിൽ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു മണി വരെയായിരുന്നു തിയറ്ററുകൾക്ക് പ്രവർത്തനം അനുവദിച്ചിരുന്നത്. അതിനാൽ ഫെബ്രുവരി നാലിന് റിലീസ് ചെയ്യാനിരുന്ന ചിത്രം മാറ്റി വെക്കുകയായിരുന്നു. ഫിലിം ചേമ്പർ ചർച്ചകൾ നടത്തിയിങ്കെലും മാർച്ച് ആദ്യവാരം തന്നെ സർക്കാർ സെക്കന്റ് ഷോക്ക് അനുമതി നൽകിയിരുന്നില്ല. തുടർന്ന് സർക്കാറുമായുള്ള ചർച്ചകൾക്ക് ഒടുവിലാണ് സെക്കന്റ് ഷോയ്ക്ക് അനുമതി ലഭിച്ചത്.

cp-webdesk

null