നവാഗതനായ തരുൺ മൂർത്തിയുടെ സംവിധാനത്തിൽ എത്തിയ ഓപ്പറേഷൻ ജാവ ഒരു റോ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ്. സിനിമ മേഖലയിൽ തന്നെ ഏറെ ചർച്ചയായ പ്രേമം പ്രൈവസി ഇഷ്യൂവിന്റെ അന്വേക്ഷണത്തിൽ തുടങ്ങുന്ന ചിത്രം ഒരു മുഴുനീള ത്രില്ലർ ആണ്. ഒട്ടേറെ പോലീസ് ഇൻവെസ്റ്റിഗേഷൻ സ്റ്റോറികൾ കണ്ടിട്ടുള്ള മലയാളികൾക്ക് തീർത്തും വ്യത്യസ്ഥമായ അനുഭവം തന്നെയാണ് ഓപ്പറേഷൻ ജാവ. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രം യലിസ്റ്റിക്ക് സ്വഭാവത്തിലാണ് കഥപറയുന്നത്.
സ്ഥിരം പോലീസ് സ്റ്റോറികളിൽ നിന്ന് മാറി കേരള പൊലീസിലെ സൈബർ സെല്ല് വിഭാഗം നടത്തുന്ന കേസ് അന്വേക്ഷണമാണ് സിനിമ പറയുന്നത്. പ്രേമം സെൻസർ കോപ്പി മുതൽ നമ്മൾ കണ്ടതും കാണേണ്ടതുമായ വിഷയങ്ങൾ പറയുന്ന സിനിമയുടെ മേക്കിങ്ങ് വളരെ മികച്ചതാണെന്ന് തന്നെ പറയണം. ആക്ഷൻ ഹീറോ ബിജുവിൽ കണ്ടത് പോലെ ഒരു പോലീസ് സ്റ്റേഷനിലെ സംഭവ വികാസങ്ങൾ അതേപടി പകർത്തിവെച്ചിരിക്കുകയല്ല ഓപ്പറേഷൻ ജാവ. നീണ്ട ഇടവേളക്ക് ശേഷം തിയറ്ററിലേക്ക് എത്തുന്ന പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സിനിമാറ്റിക്ക് അനുഭവം തന്നെയാണ് ജാവ.
പ്രേക്ഷകരെ തെല്ലും ബോറടിപ്പിക്കാതെ പറയാനുള്ള കാലിക പ്രസക്തിയുള്ള വിഷയങ്ങൾ പറഞ്ഞുവെക്കുന്നുണ്ട് ഓപ്പറേഷൻ ജാവ. പ്രേമം സിനിമയുടെ പൈറസിയിൽ തുടങ്ങി ഓൺലൈൻ പണതട്ടിപ്പ്, ഹണി ട്രാപ്പ്, തൊഴിൽ തട്ടിപ്പ്, സ്വകാര്യ വിവരങ്ങളുടെ ചോർത്തൽ എന്നിങ്ങനെ നിത്യ ജീവിതത്തിൽ സ്ഥിരം കണ്ടിട്ടുള്ള, വാർത്തകളിൽ ഇടം നേടിയിട്ടുള്ള സൈബർ ക്രൈമുകളുടെ പിന്നാമ്പുറം തേടിപ്പോവുകയാണ് സിനിമ.
ലുക്ക്മാൻ, ബാലു വർഗീസ് എന്നിവർ അവതരിപ്പിക്കുന്ന വിനയദാസ്, ആന്റണി എന്നീ യുവാക്കളിലൂടെ കേരളത്തിലെ തൊഴിൽ രഹിതരായ അല്ലെങ്കിൽ താൽക്കാലിക ജീവനക്കാരായ ഒരായിരംപേരുടെ ജീവിത പ്രതിസന്ധികളുടെ കഥ കൂടി പറഞ്ഞുവെക്കുന്നുണ്ട് ഓപ്പറേഷൻ ജാവ. വിനായകൻ, ഇര്‍ഷാദ് അലി, ബിനു പപ്പു, പ്രശാന്ത് അലക്‌സാണ്ടര്‍, ധന്യ അനന്യ, നിമിത ബൈജു, മാത്യു തോമസ്, വിനീത കോശി, ഷൈന്‍ ടോം ചാക്കോ തുടങ്ങി സിനിമയിലെ ചെറുതും വലുതുമായ ഒരേ കഥാപാത്രങ്ങളുടെ മികച്ച പ്രകടനവും, വലുപ്പ ചെറുപ്പമില്ലാതെ ഒരേ കഥാപാത്രങ്ങൾക്കും നൽകിയ പ്രാധാന്യവും കൈയ്യടി അർഹിക്കുന്നു.
സിനിമയുടെ ത്രില്ലിങ്ങ് മൂഡ് നിലനിർത്താൻ ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതം ഏറെ സഹായിച്ചിട്ടുണ്ട്. നിഷാദ് യൂസഫിന്റെ മികച്ച കട്ടുകൾ, ഫായിസ് സിദ്ദിക്കിന്റെ മികച്ച ഛായാഗ്രഹണം, വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ എന്നിവരുടെ സൗണ്ട് ഡിസൈൻ എന്നിവയെല്ലാം പ്രേക്ഷകന് മികച്ച സിനിമാറ്റിക്ക് അനുഭവം നൽകുന്നതിൽ സഹായിച്ചു.
പഴുതടച്ചുള്ള കുറ്റാന്വേഷണം, സിനിമകളിൽ അതികം കണ്ടിട്ടില്ലാത്ത സൈബർ സെല്ല് വിഭാഗത്തിന്റെ കേസ് അന്വേഷണ രീതിയുടെ റിയലിസ്റ്റിക്ക് അവതരണവും, അധികമാരും പറയാത്ത വിഷയങ്ങളും സിനിമയുടെ പോസിറ്റീവ് ആകുമ്പോൾ. സിനിമയിൽ പ്രതിബാധിക്കുന്ന വിഷയങ്ങൾ തമ്മിൽ കൂട്ടിയിണക്കാൻ കഴിയാത്തതും, കണ്ട് മടുത്ത ക്ലീഷേ തേപ്പുകാരി കഥയും മോട്ടിവേഷനും സിനിമയുടെ നെഗറ്റീവായി ചൂണ്ടിക്കാട്ടാനുണ്ട്.