Cinemapranthan

വീണ്ടും പാടി നഞ്ചിയമ്മ; സന്തോഷത്തോടെ ചേർത്ത് പിടിച്ച് ഐ എം വിജയൻ

ഇത് കേരളം നെഞ്ചിലേറ്റി നൃത്തം ചെയ്യുന്ന ഒരുപാട്ടായി മാറുമെന്ന് സംവിധായകൻ വിജീഷ് മണി

null

കേരളത്തിൽ തരംഗമുണർത്താൻ പുതിയ ഗാനവുമായി നഞ്ചിയമ്മ വീണ്ടുമെത്തി. ‘അയ്യപ്പനും കോശിയിലെയും’ ‘കലക്കാത്ത’ പാടി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പാട്ടുകാരിയാണ് നഞ്ചിയമ്മ. വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മ് മ് മ് ‘ എന്ന സിനിമയ്ക്ക് വേണ്ടിയാണ് നഞ്ചിയമ്മ വീണ്ടും പാടിയത്.

“പാതയിലെ നെരുങ്കി മോളു പൂവ്വക്കൊടി വന്നാമാ..” എന്ന ഗാനം പാടി കഴിഞ്ഞതും ഫുൾബോൾ താരം ഐ എം വിജയന്റെ മുഖത്തു സന്തോഷം. ഇത് കേരളം നെഞ്ചിലേറ്റി നൃത്തം ചെയ്യുന്ന ഒരുപാട്ടായി മാറുമെന്ന് സംവിധായകൻ വിജീഷ് മണി പറഞ്ഞു. ജുബൈർ മുഹമ്മദ് സംഗീതം നല്‍കിയ പാട്ടിന്റെ നാടൻ ശീലുള്ള വരികൾ എഴുതിയതും നഞ്ചിയമ്മ തന്നെയാണ്. ഗായകൻ, രചയിതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ അമേരിക്കൻ സംഗീതജ്ഞൻ ‘എഡൻ മൊള്ള യാണ് ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്. ഈ സിനിമയിലെ മറ്റൊരു ഗാനം ആലപിച്ചതും എഡൻ മൊള്ളയാണ്. ആദ്യമായാണ് എഡൻ ഒരു വിദേശ ചിത്രത്തിന്റെ ഭാഗമാകുന്നത്. ചിത്രം മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ട എഡൻ, സിനിമയുടെ ഭാഗമാകാൻ സ്വമേധയാ താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവരികയായിരുന്നു എന്ന് നിർമ്മാതാക്കൾ അറിയിച്ചു. സിനിമയുടെ പിന്നണിയിൽ നിരവധി വിദേശ കലാകാരന്മാരും പങ്കെടുക്കുന്നുണ്ട്.

ശ്രീരാഗം സ്റ്റുഡിയോയിൽ നടന്ന റെക്കോർഡിംഗിൽ ജയരാജ് വാര്യർ, പളനിസ്വാമി എന്നിവരും പങ്കെടുത്തിരുന്നു. പാരിസ്ഥിതിക അവബോധത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് ചിത്രീകരിക്കുന്ന സിനിമയിൽ ഐ എം വിജയൻ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. ആഗോള വേദികൾ ലക്ഷ്യമിട്ട് വലിയ ക്യാൻവാസിൽ ചിത്രം നിർമ്മിക്കുന്നത്. ഏരീസ് ഗ്രൂപ്പിൻ്റെ ബാനറിൽ സോഹൻ റോയ് ആണ്.

പരിസ്ഥിതി പാഠങ്ങളുടെ പുതിയ വഴിത്തിരിവുകൾക്ക് വെളിച്ചം വീശുന്നതാണ് സിനിമയുടെ പ്രമേയം. ഭൂമിയെ മാതാവായും പ്രകൃതിയെ പിതാവായും പരിസ്ഥിതിയെ ഗുരുവായും സങ്കല്പിച്ചുകൊണ്ടുള്ള ആശയങ്ങൾക്കേ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തി മഹാമാരികളിൽ നിന്ന് ലോകത്തെ സംരക്ഷിക്കാൻ കഴിയൂ എന്ന അവബോധം ഈ സിനിമയിലൂടെ കൂടുതൽ ശക്തമാവുമെന്നും അണിയറക്കാർ പറയുന്നു. ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മെയ് മാസത്തിൽ വിദേശരാജ്യങ്ങളിൽ വച്ച് ആദ്യ ഷെഡ്യൂളുകൾ ചിത്രീകരിക്കുവാൻ പദ്ധതിയിട്ടിരുന്ന സിനിമ, കൊറോണയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് ലൊക്കേഷനുകൾ മാറ്റുകയായിരുന്നു.

അന്തർദേശീയ തലത്തിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തിൽ ഹോളിവുഡിൽ നിന്നുള്ള കലാകാരൻമാരും ഭാഗമാവുമെന്ന് സംവിധായകൻ പറഞ്ഞു. ഡാം 999 പോലൊരു അന്തർദേശീയ ചിത്രം ലോകത്തിന് സമ്മാനിച്ച സോഹൻ റോയ്ക്കൊപ്പം സിനിമ ചെയ്യാൻ കഴിയുന്നത് ഭാഗ്യമായി കാണുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

cp-webdesk

null