മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ഇന്ന് 42-ാം ജന്മദിനമാഘോഷിക്കുകയാണ്. കേവലം പ്രസംഗങ്ങളിൽ ഉയർത്തിപ്പിടിക്കേണ്ടതല്ല സ്ത്രീത്വത്തിന്റെ അഭിമാനംമെന്നും, അത് ചോദിച്ചോ കൊഞ്ചിക്കരഞ്ഞോ വാങ്ങേണ്ടതുമല്ല, പുരുഷന് താൻ കൊടുക്കുന്ന ബഹുമാനം തിരിച്ചുകിട്ടാൻ സ്ത്രീക്കും അവകാശമുണ്ടെന്നും മഞ്ജു വാര്യർ. “വീടിനകത്തും പുറത്തും ആ പരസ്പര ബഹുമാനം ഒരു സംസ്കാരമായി തീരണം.അപ്പോഴേ പുരുഷൻ വേട്ടക്കാരനും സ്ത്രീ ഇരയുമാകുന്ന പതിവ് അവസാനിക്കൂ.” താരം കൂട്ടി ചേർത്തു. പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് കേരളം കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം തുറന്ന് പറഞ്ഞത്.
‘ഏത് സ്ത്രീയാണ് ജീവിതത്തിനുവേണ്ടി യുദ്ധം ചെയ്യാത്തത്. അവർ ചിലപ്പോൾ വ്യത്യസ്ത സാഹചര്യങ്ങളിൽനിന്ന് വന്നവരായിരിക്കാം. വ്യത്യസ്തങ്ങളായ പ്രശ്നങ്ങളായിരിക്കാം അവർ അഭിമുഖീകരിക്കുന്നത്. എങ്കിലും ഓരോ സ്ത്രീ ജീവിതവും ആവേശകരമാണെന്ന് എനിക്ക് തോന്നുന്നു.’ മഞ്ജു പറയുന്നു.
അഭിനയവും നൃത്തവും സാമൂഹിക പ്രവർത്തനവും അടക്കം തന്റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം യാദൃച്ഛികമാണെന്ന് മഞ്ജുവാര്യർ പറയുന്നു.’ഞാൻ ഒരിക്കലും ഒന്നും പ്ളാൻ ചെയ്തിട്ടില്ല. വരുന്ന പോലെ വരട്ടെ. ഇപ്പോൾ ഞാൻ ചെയ്യുന്നത് വലിയ കാര്യങ്ങളൊന്നുമല്ല. പക്ഷേ കുറച്ചെങ്കിലും ചെയ്യാൻ കഴിയുന്നതിന്റെയൊരു സന്തോഷമുണ്ട്.’ പ്രേക്ഷകർ എനിക്ക് നല്കുന്ന സ്നേഹത്തിന് അവരോട് കടപ്പാടുണ്ട്. എന്നെ കാണുമ്പോൾ അവർ ഓടി വന്ന് സെൽഫിയെടുക്കുന്നതും സംസാരിക്കുന്നതുമൊക്കെ വലിയ സന്തോഷമാണ്. അവർക്ക് വേണ്ടി മികച്ച സിനിമകൾ ചെയ്യണം. എന്നെ ഇഷ്ടപ്പെടുന്നവരെപ്പോലെ ഞാനും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളാണ് ആഗ്രഹിക്കുന്നത്. മഞ്ജു വാര്യർ പറയുന്നു.
നടിമാരായ ഗീതു മോഹൻദാസ്, പൂർണിമ ഇന്ദ്രജിത്ത്, നടൻ നിവിൻ പോളി, അജു വർഗീസ്, സണ്ണി വെയ്ൻ തുടങ്ങി നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്നിരിക്കുന്നത്. റോഷൻ ആൻഡ്രൂസ് ഒരുക്കിയ പ്രതി പൂവൻ കോഴിയിലാണ് മഞ്ജു ഒടുവിൽ വേഷമിട്ടത്. മരക്കാർ അറബിക്കടലിന്റെ സിംഹം, ജാക്ക് ആൻഡ് ജിൽ, കയറ്റം, ചതുർമുഖം, ദി പ്രീസ്റ്റ്, ലളിതം സുന്ദരം, പടവെട്ട് തുടങ്ങിയ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.