എം എ യൂസഫലി എന്ന പേര് ആവേശത്തോടെയാണ് ഓരോ മലയാളിയും നെഞ്ചേറ്റുന്നത്. സഹജീവികളോടുള്ള അനുകമ്പയും സഹായ മനോഭാവവും ആണ് എം എ യൂസഫലി എന്ന വ്യക്തിയെ വ്യത്യസ്തനാക്കുന്നത്.
“ജാതി മത ഭേദമന്യേ മലയാളികൾ അഭിമാനത്തോടെ ചേർത്ത് പിടിക്കുന്ന പേരാണ് താങ്കളുടേത്, അങ്ങയുടെ കാരുണ്യം കൊണ്ട് ഒരുപാട് മലയാളികളും അവരുടെ കുടുംബങ്ങളും സന്തോഷത്തോടെ കഴിയുന്നത് എനിക്കറിയാം”.
യൂസഫലിയുടെ മനുഷ്യസ്നേഹത്തെയും കാരുണ്യത്തെയും കുറിച്ച് സിനിമ താരം പ്രേംകുമാറിന്റെ വാക്കുകളാണിത്. കഴക്കൂട്ടം ഹയർസെക്കൻഡറി സ്കൂളിലെ വികസന പ്രവർത്തനങ്ങൾക്ക് എം.എ.യൂസഫലി നൽകുന്ന ഫണ്ട് ഏറ്റുവാങ്ങിയ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ നടൻ പ്രേംകുമാർ. ആരോരുമില്ലാത്തവരെയും, അനാഥരായവരെയും സംരക്ഷിക്കാൻ വേണ്ടി പത്തനാപുരം ഗാന്ധി ഭവനിൽ കോടികൾ മുടക്കി യൂസഫലി നിർമ്മിക്കുന്ന കെട്ടിടം അദ്ദേഹത്തിന്റെ ഒരുപാട് കാരുണ്യ പ്രവർത്തനങ്ങളിൽ ഒന്ന് മാത്രമാണെന്ന് പ്രേംകുമാർ പറഞ്ഞു.
വ്യവസായി പ്രമുഖൻ എന്നതിനപ്പുറം നമുക്കറിയാത്ത ഒരു ഭൂതകാലത്തിന്റെ കഥ കൂടിയുണ്ട് എം എ യൂസഫലിക്ക്. കഷ്ടപ്പാടുകൾ നിറഞ്ഞ ആ കാലത്തിൽ നിന്നും കഠിനാധ്വാനവും ഇച്ഛാശക്തിയും കൊണ്ട് ഈ കാണുന്ന നേട്ടങ്ങളിൽ എത്തിയതു കൊണ്ടാവാം ഓരോ സാധാരണക്കാരനെയും അവന്റെ കുടുംബത്തെയും തിരിച്ചറിയാനും കരുതലാവാനും യൂസഫലിക്ക് കഴിയുന്നത്. തനിക്കൊപ്പം ചുറ്റുമുള്ളവരെയും കൂടി കരുതുന്ന യൂസഫലി മനുഷ്യത്വത്തിന് മറ്റൊരു പേരാവുകയാണ്.