സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. എന്നാൽ ഈ സാഹചര്യത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള തിയേറ്ററുകൾ സിനിമാപ്രദർശനത്തിനൊരുങ്ങുകയാണ്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഞായറാഴ്ച മുതൽ സിനിമാപ്രദർശനം ആരംഭിക്കും.
അടുത്ത ആഴ്ച മുതൽ സമാന്തര സിനിമകളോടെ സർക്കാർ തിയേറ്ററുകൾ പ്രവർത്തനം ആരംഭിക്കും. മുഖ്യമന്ത്രിക്ക് മുന്‍പില്‍ വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ തിയേറ്ററുകള്‍ തുറക്കാന്‍ കഴിയില്ലെന്നാണ് ഫിലിം ചേംബർ അറിയിച്ചിരിക്കുന്നത്. വിനോദ നികുതി ഒഴിവാക്കാതെയും പ്രദർശന സമയത്തിൽ മാറ്റം വരുത്താതെയും തിയേറ്ററുകൾ തുറക്കാൻ കഴിയില്ലെന്നാണ് നിർമ്മാതാക്കളുടേയും വിതരണക്കാരുടേയും സംഘടന അറിയിച്ചിരിക്കുന്നത്.
സിനിമകൾ കാണിച്ചുകൊണ്ട് തിയേറ്റർ തുറക്കാനുളള നീക്കത്തിലാണ് ചലച്ചിത്രവികസന കോർപറേഷൻ. സർക്കാർ സബ്സിഡോടെ നിർമ്മിച്ച ചിത്രങ്ങളാണ് അടുത്ത ആഴ്ച മുതൽ പ്രദർശിപ്പിക്കുക. പ്രേക്ഷകരിൽ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ പരമാവധി കാണികളെ തിയേറ്ററുകളിലേക്ക് തിരികെ എത്തിക്കുന്നതിനാണ് നിശാഗന്ധി ഓഡിറ്റോറിയത്തിലെ പ്രദർശനം.
നിശാഗന്ധിയിൽ 200 പേർക്ക് മാത്രമാകും പ്രവേശനം. ടിക്കറ്റ് നിരക്ക് 100 രൂപ. നിശാഗന്ധിയിലെ ട്രയലിന് ശേഷം കൈരളി. ശ്രീ അടക്കമുള്ള തിയേറ്ററുകൾ തുറക്കും. ഞായറാഴ്ച മുതൽ വൈകീട്ട് 6:30ക്കായിരിക്കും പ്രദർശനം. മൈ ഡിയർ കുട്ടിച്ചാത്തൻ ആണ് ആദ്യം പ്രദർശിപ്പിക്കുന്നത്. ത്രീഡി സിനിമ കാണാൻ കണ്ണടയും കൊടുക്കും. ഇതിനായി 15 രൂപ ഈടാക്കും.