കൈതി എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകനാണ് ലോകേഷ് കനകരാജ്. കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് ഒരുക്കുന്ന ‘വിക്രം’എന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. കമൽഹാസന് വില്ലനായി മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ എത്തുന്നുവെന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപോർട്ടുകൾ. തമിഴിലെ പ്രമുഖ മാധ്യമങ്ങളിൽ ഉൾപ്പടെ ഫഹദാണ് വില്ലനെന്ന് വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ ഫഹദിനോട് അടുത്ത വൃത്തങ്ങൾ ഇതു നിഷേധിക്കാനോ ശരി വയ്ക്കാനോ തയ്യാറായിട്ടില്ല എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. ഈ വാർത്തയുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. കമലിന്റെ 232–ാം ചിത്രമെന്ന പ്രത്യേകതയുമായി എത്തുന്ന വിക്രം നിർമിക്കുന്നത് അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല് ഫിലിംസ് തന്നെയാണ്. അടുത്ത വർഷം ചിത്രം തിയേറ്ററിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്.
വിജയ് നായകനായ മാസ്റ്റർ ആണ് ലോകേഷ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം.