‘ശങ്കരനും മോഹനനും’ എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ‘ഇവ സൂരജ്’. പക്ഷെ ഇവയെ തിരിച്ചറിയണമെങ്കിൽ ‘മെമ്മറീസി’ലെ ക്ലൈമാക്സ് സീൻ പറയണം. അതെ.. ‘ഈ അടുത്ത കാലത്ത്’, ‘മെമ്മറീസ്’, ‘മാറ്റിനി’,‘രാജാധിരാജ’ തുടങ്ങിയ ചിത്രങ്ങളിൽ കൂടി മലയാളികളുടെ ഇഷ്ട ബാലതാരമായി മാറിയ ‘ഇവ സൂരജ്’. ഇന്ന് ഇവ ആ പഴയ പോണിടെയിൽ കുട്ടി അല്ല. വളർന്നു സുന്ദരിയായിരിക്കുന്നു. സാരിയും ദാവണിയും ഒക്കെ ഉടുത്ത ഇവയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ‘മെമ്മറീസി’ന്റെ ക്ലൈമാക്സിൽ പൃഥ്വിരാജിന്റെ കൈയ്യിൽ തൂങ്ങി നടന്നു വന്ന ആ ഇവ തന്നെയാണോ ഈ ഇവ എന്ന് പ്രേക്ഷകർ അത്ഭുതപ്പെട്ടു പോകും.
സംവിധായകൻ ബൈജു കൊട്ടാരക്കര ആണ് ആദ്യായിട്ട് സിനിമയിലേക്ക് ക്ഷണിക്കുന്നത്. അന്ന് ഇവക്ക് മൂന്നര വയസ് മാത്രേ പ്രായം. കിൻഡർ ഗാർഡൻ എന്ന ചിത്രത്തിലേക്കായിരുന്നു ഇവ എത്തിയത്. എന്നാൽ ആ ചിത്രം എങ്ങനെയോ നടക്കാതെ പോയി. അതിന് ശേഷമാണ് ജയസൂര്യയുടെ മകളായിട്ട് ടി വി ചന്ദ്രന്റെ ‘ശങ്കരനും മോഹനനും’ എന്ന ചിത്രത്തിലേക്ക് എത്തുന്നത്. ബൈജു കൊട്ടാരക്കര തന്നെയാണ് ഇതിലേക്കും അവസരമൊരുക്കുന്നത്. തുടങ്ങി നിരവധി സിനിമകൾ ബേബി ഇവ അഭിനയിച്ചു ഫലിപ്പിച്ചു.
‘രാജാധിരാജ’ക്ക് ശേഷം ഒരു ബ്രേക്ക് എടുത്ത് പഠനത്തിൽ ശ്രദ്ധ കൊടുത്തു. സിനിമയിൽ നിന്ന് അവധി എടുത്തെങ്കിലും പരസ്യ രംഗത്ത് ഉണ്ടായിരുന്നു ഇവ. കോവിഡിനെ തുടർന്നുണ്ടായ നീണ്ട അവധിക്കിടയിൽ ബോർ അടിച്ചു തുങ്ങിയപ്പോഴാണ് ഇവ ഫോട്ടോഷൂട്ട് ചെയ്യാൻ തീരുമാനിക്കുന്നത്. മാത്രവുമല്ല പ്രൊഫഷനെ കുറച്ചു കൂടി സീരിയസ് ആയി കാണാനും തീരുമാനിച്ചു.
മോഡലിംഗ് ചിത്രങ്ങളൊക്കെ ഇൻസ്റ്റയിൽ പങ്കു വെച്ചപ്പോൾ നിരവധി ‘പേർ അയ്യോ ആ കുട്ടി ആണോ ഇത്’ എന്ന കമന്റ് ചെയ്‌തെന്ന് ഇവ പറയുന്നു. നിരവധി പേർ വിളിക്കുകയും, കുറച്ച് സിനിമകളിലേക്ക് ക്ഷണം ലഭിക്കുകയും ചെയ്‌തെന്നാണ് ഇവ പറയുന്നത്.

ആലുവയിലെ ജ്യോതിനിവാസ് പബ്ലിക് സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന ഇവക്ക് ഐന എന്ന ഒരു കുഞ്ഞനിയത്തി കൂടിയുണ്ട്. ഐനയും ‘പുലിമുരുകൻ,‘സ്റ്റൈൽ’, ‘പഞ്ചവർണതത്ത’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.