സമ്മതിദാനാവകാശം വിനിയോഗിച്ച് നടി മഞ്ജു വാര്യര്‍. തൃശ്ശൂരിലെ പുള്ള് എല്‍പി സ്കൂളിൽ അമ്മയ്‌ക്കൊപ്പമാണ് മഞ്ജു വോട്ട് ചെയ്യാനായി എത്തിയത്. കൈയിൽ പേനയും സാനിറ്റൈസറുമായി എത്തിയ താരം ആദ്യം തിരിച്ചറിയൽ കാർഡ് എടുത്തില്ലായിരുന്നു. തുടർന്ന് വീട്ടിൽ നിന്നും തിരിച്ചറിയൽ കാർഡ് എടുത്ത് എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സഹോദരൻ മധു വാര്യർക്ക് ഒപ്പമായിരുന്നു മഞ്ജു വോട്ട് ചെയ്യാനെത്തിയത്.
നടൻ ടൊവീനോ തോമസ്, രൺജി പണിക്കർ, ഉണ്ണി മുകുന്ദൻ എന്നിവരും തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തി. കൂത്താട്ടുകുളത്തെ ‘കള’ സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് ടൊവീനോ വോട്ട് ചെയ്യാനെത്തിയത്. ഇരിങ്ങാലക്കുട ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ടോവിനോ വോട്ട് രേഖപ്പെടുത്തിയത്. പിതാവ് തോമസും ടൊവിനോയ്‌ക്കൊപ്പം ഉണ്ടായിരുന്നു. കാര്യംപറ വാർഡ് പത്തൊൻപതിലായിരുന്നു നടൻ ഉണ്ണി മുകുന്ദൻ വോട്ട് രേഖപ്പെടുത്തിയത്.
നടൻ മമ്മൂട്ടിക്ക് ഇത്തവണ വോട്ട് ഇടാൻ കഴിഞ്ഞില്ല. മമ്മൂട്ടി കടവന്ത്രയിലേക്ക് താമസം മാറിയതിനാല്‍ കൊച്ചി പനമ്പള്ളി നഗറിലെ വോട്ടര്‍ പട്ടികയില്‍ മമ്മൂട്ടിയുടെ പേരുണ്ടായിരുന്നില്ല.