മോഹൻലാൽ – ജിത്തു ജോസഫ് ചിത്രം ‘ദൃശ്യം 2 ‘ ന്റെ ചിത്രീകരണത്തിന് മോഹൻലാൽ എത്തി. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് കർശന നിയന്ത്രണത്തോടെയാണ് ഷൂട്ടിംഗ് നടക്കുന്നത്. താരങ്ങൾ ഉൾപ്പടെ സെറ്റിലുള്ള എല്ലാവരും കോവിഡ് ടെസ്റ്റ് കഴിഞ്ഞാണ് ഷൂട്ടിങ്ങിനു എത്തിയിരിക്കുന്നത്. ആയുര്‍വ്വേദ ചികിത്സ പൂർത്തിയാക്കിയ മോഹൻലാൽ സെപ്റ്റംബർ 26ന് ലൊക്കേഷനിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. പാലക്കാട് പെരിങ്ങോട്ടിലെ ആയുര്‍വ്വേദ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു മോഹൻലാൽ. സെപ്തംബര്‍ 14 നു തുടങ്ങുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ സെറ്റ് വർക്കുകൾ പൂർത്തിയാക്കാൻ കാലതാമസം നേരിട്ടതിനാലാണ് ഷൂട്ടിംഗ് വൈകിയത്.
ജീത്തു ജോസഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. 60 ദിവസം കൊണ്ട് കേരളത്തിൽ ചിത്രീകരിച്ച് പൂർത്തിയാക്കുന്ന വിധത്തിലാണ് സിനിമയുടെ ചിത്രീകരണം. ദൃശ്യത്തിന് ശേഷം മാത്രമേ മോഹൻലാൽ മറ്റു ചിത്രങ്ങളിൽ അഭിനയിക്കൂ.
ജീത്തു ജോസെഫിന്റെ തന്നെ ‘റാം’ എന്ന ചിത്രത്തിലാണ് മോഹൻലാൽ ലോക്ഡൗണിന് മുൻപ് അഭിനയിച്ചു കൊണ്ടിരുന്നത്. ഇതിലെ കുറച്ചു രംഗങ്ങൾ പുറം രാജ്യങ്ങളിലും ചിത്രീകരിക്കാൻ ഇരിക്കെയായിരുന്നു ലോക്ഡൗൺ പ്രഖ്യാപിച്ചത്.
2013 ഡിസംബറിലായിരുന്നു ‘ദൃശ്യം’ റിലീസിനെത്തിയത്. ‘ദൃശ്യം ‘ ഇറങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ‘ദൃശ്യം 2 ‘ വരുന്നത്. ആദ്യ ഭാഗത്തിൽ മോഹന്‍ലാല്‍, മീന, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, സിദ്ദിഖ് എന്നിവരായിരുന്നു അഭിനേതാക്കൾ. രണ്ടാം ഭാഗത്തിലും നായികാ മീന തന്നെയാണ്. ‘ദൃശ്യം 2 ‘ ആദ്യഭാഗം പോലെ ഒരു ത്രില്ലർ ചിത്രമായിരിക്കില്ല എന്നാണ് ജിത്തു ജോസഫ് വ്യക്തമാക്കിയത്.