ജിത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ദൃശ്യം 2 ‘ ചിത്രീകരണം ആരംഭിച്ചിരുന്നു. സെപ്തംബര്‍ 14 നു തുടങ്ങുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ സെറ്റ് വർക്കുകൾ പൂർത്തിയാക്കാൻ കാലതാമസം നേരിട്ടതിനാലാണ് ഷൂട്ടിംഗ് വൈകിയത്.
ചിത്രത്തിലെ അഭിനേതാക്കളുടെ വിവരങ്ങളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്, ആദ്യഭാഗത്തില്‍ നിന്നും വലിയ മാറ്റങ്ങളൊന്നും താരനിരയില്‍ വരുത്തിയിട്ടില്ല. മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ എന്നിവരാണ് കുടുംബാംഗങ്ങളായി എത്തുന്നത്. ആശ ശരത്ത്, സിദ്ദിഖ്, സായ് കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്,അഞ്ജലി നായർ, ആദം അയൂബ്, അജിത് കൂത്താട്ടുകുളം എന്നിവരും ദൃശ്യം 2 വിൽ അഭിനയിക്കുന്നുണ്ട്. കൊച്ചിയിലും തൊടുപുഴയിലുമായാണ് ചിത്രീകരണം.
ആയുര്‍വ്വേദ ചികിത്സ പൂർത്തിയാക്കിയ ശേഷം മോഹൻലാൽ സെപ്റ്റംബർ 26ന് ലൊക്കേഷനിൽ എത്തും. പാലക്കാട് പെരിങ്ങോട്ടിലെ ആയുര്‍വ്വേദ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു മോഹൻലാൽ.. 60 ദിവസം കൊണ്ട് കേരളത്തിൽ ചിത്രീകരിച്ച് പൂർത്തിയാക്കുന്ന വിധത്തിലാണ് സിനിമയുടെ ചിത്രീകരണം. ദൃശ്യത്തിന് ശേഷം മാത്രമേ മോഹൻലാൽ മറ്റു ചിത്രങ്ങളിൽ അഭിനയിക്കൂ.
ദൃശ്യം 2 ഒന്നാം ഭാഗത്തിന്‍റെ തുടർച്ചയല്ലെന്നും പ്രതിസന്ധികൾക്ക് ശേഷമുള്ള ജോർജ്ജു കുട്ടിയുടെയും കുടുംബത്തിന്‍റെയും ജീവിതമാണെന്നും സംവിധായകന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.