ഗംഭീര വിജയത്തോടെ തുടർഭരണം ഉറപ്പാക്കിയ പിണറായി സർക്കാരിനെ അഭിനന്ദിച്ച് മലയാള സിനിമാ ലോകം. സംവിധായകൻ റോഷൻ ആൻഡ്രൂസ്, ദുൽഖർ സൽമാൻ, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, മഞ്ജു വാരിയർ, ബി. ഉണ്ണികൃഷ്ണൻ, ടിനു പാപ്പച്ചൻ, സംയുക്ത മേനോൻ, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, ഉണ്ണി മുകുന്ദൻ, സണ്ണി വെയ്ൻ, ആസിഫ് അലി തുടങ്ങി നിരവധി പേരാണ് ആശംസകളുമായി എത്തിയത്.



‘രണ്ടാംവരവിന്റെ ചുവന്ന പുലരി. എങ്ങും വിരിയട്ടെ ചുവന്ന പൂക്കൾ. അഭിവാദ്യങ്ങൾ. വിശക്കാതെ, തളരാതെ, ആത്മവിശ്വാസത്തോടെ ചേർത്തു പിടിച്ചതിന് മലയാള മനസ്സ് നൽകുന്ന രണ്ടാമൂഴം. ലോകത്തിനു മുന്നിൽ അഭിമാനമായി ഉയർന്നു നിൽക്കാൻ പഠിപ്പിച്ചതിനു, മനുഷ്യരായി ചേർത്തു നിർത്തിയതിനു നന്ദി..തുടർഭരണത്തിന്റെ സന്തോഷത്തിൽ നിൽക്കുന്ന സർക്കാരിന് എല്ലാ ആശംസകളും.’ എന്നാണ് സംയുക്ത മേനോൻ കുറിച്ചത്.


നടൻ ആസിഫ് അലി പങ്കുവച്ചത് തന്റെ ഏറ്റവും പുതിയ സിനിമയുടെ പോസ്റ്ററാണ്. ‘എല്ലാം ശരിയാകും’ എന്ന സിനിമയുടെ പോസ്റ്ററിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായാണ് ആസിഫ് എത്തുന്നത്.

‘അക്കൗണ്ട് ക്ലോസ് ചെയ്തതായി പ്രഖ്യാപിക്കുന്നു. ആകാശത്തേക്ക് വെടിവച്ചിരിക്കുന്നു. ബോധമുള്ളവർക്ക് പിരിഞ്ഞു പോകാം. ഷാഫി പറമ്പിലിനോട് നിറഞ്ഞ സ്നേഹം. കെ.കെ. രമയുടെ ആർജവത്തിന് മുന്നിൽ ബഹുമാനം. ഒരേയൊരു സൂര്യൻ. ചരിത്രത്തിന്റെ ഭാഗം.’ ടിനു പാപ്പച്ചൻ പറഞ്ഞു.


‘പിണറായി വിജയൻ സാറിന് അഭിനന്ദനങ്ങള്‍, തുടര്‍ഭരണത്തിലെത്തിയ എൽഡിഎഫിന് ആശംസകള്‍. വര്‍ഗ്ഗീയ രാഷ്ട്രീയത്തെ എതിര്‍ത്ത് കേരളം നിലകൊണ്ടു. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് ഒരു ഇടത് മനുഷ്യൻ എത്തിയിരിക്കുന്നു.’: സണ്ണി വെയ്ൻ

