‘കള’ എന്ന ചിത്രത്തിന് ശേഷം ടൊവിനോ തോമസും രോഹിത്ത് വിഎസും വീണ്ടും ഒന്നിക്കുന്നതായി റിപോർട്ടുകൾ. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ടൊവിനോക്ക് ഒപ്പം ഒട്ടേറെ മുൻനിര താരങ്ങളും അണിനിരക്കുന്നുണ്ട് എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ഉടനീളം ചിത്രീകരിക്കുന്ന സിനിമ 40 കോടിയിലധികം ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. സംവിധായകൻ രോഹിത്ത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു സ്റ്റാറ്റസിന് പിന്നാലെയാണ് ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ ട്വിറ്ററിൽ പ്രചരിച്ചത്. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഒരു മാസ്സ് എന്റർടൈനർ ആയിരിക്കും ചിത്രമെന്നാണ് സൂചനകൾ ഏറെ ആവേശത്തോടെയാണ് ടൊവിനോ ആരാധകർ ഏറ്റെടുത്തത്.
അതേസമയം ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഒന്നും അണിയറ പ്രവർത്തകർ പുറത്ത് വിട്ടട്ടില്ല. ടൊവിനോയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഒട്ടേറെ പുതിയ ചിത്രങ്ങളുടെ പോസ്റ്ററുകളും വാർത്തകളും പുറത്ത് വന്നിരുന്നു. ഇതിനെല്ലാം ഒടുവിൽ എത്തിയ വമ്പൻ ചിത്രത്തെ കുറിച്ചുള്ള റിപോർട്ടുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.
ടൊവിനോ തോമസ്, സൗബിൻ ഷാഹിർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ലാൽ ജൂനിയർ ചിത്രം നടികർ തിലകം, ആഷിഖ് അബു സംവിധാനത്തിൽ ടൊവിനോ വൈക്കം മുഹമ്മദ് ബഷീറായി എത്തുന്ന നീലവെളിച്ചം, നവാഗതനായ ജിതിൻ ലാലിന്റെ സംവിധാനത്തിൽ ട്രിപ്പിൾ റോളിൽ എത്തുന്ന അജയന്റെ രണ്ടാം മോഷണം, ഡോ ബിജു ഒരുക്കുന്ന അദൃശ്യ ജാലകങ്ങൾ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റ് ടൊവിനോ ചിത്രങ്ങൾ.