Cinemapranthan

ദി പ്രീസ്റ്റ്- നിഗൂഢതകളുടെ കുരുക്കഴിച്ഛ് ഫാദർ ബെനഡിക്ക്റ്റ്; റിവ്യൂ വായിക്കാം

മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രമെന്ന സവിശേഷതയും പ്രീസ്റ്റിനുണ്ട്

null

നവാഗത സംവിധായകനായ ജോഫിൻ ടി ചാക്കോ ഒരുക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ദി പ്രീസ്റ്റ്. മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രമെന്ന സവിശേഷതയും പ്രീസ്റ്റിനുണ്ട്. പുരോഹിത കഥാപാത്രമായ ഫാദർ ബെനഡിക്റ്റായാണ് മമ്മൂട്ടി വേഷമിടുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന ഫാദർ ബെനഡിക്റ്റ് എന്ന കഥാപാത്രവും, അദ്ദേഹത്തെ തേടിയെത്തുന്ന ദുരൂഹത നിറഞ്ഞൊരു ദൗത്യവുമാണ് ആദ്യ പകുതിയിലെ ഇതിവൃത്തം.

കാണികളെ കഥയുടെ നിഗൂഢ സന്ദർഭങ്ങളിലേക്ക് വലിച്ചിടുവാനും, ആകാംഷയുടെ മുൾമുനയിൽ പിടിച്ചു നിർത്തുവാനും സാധിച്ചതിൽ സംവിധായകൻ കൈയ്യടികൾ അർഹിക്കുന്നു. ചിത്രത്തിന്റെ സാങ്കേതിക തലത്തിൽ പുലർത്തിയ നിലവാരം പ്രേക്ഷകനെ കഥയുടെ ഒഴുക്കിലേക്ക് നയിക്കുന്നതിൽ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പലയിടങ്ങളിലും അഖിൽ ജോർജിന്റെ ഛായാഗ്രഹണം ലോകോത്തര നിലവാരം പുലർത്തുന്നുണ്ട്. ചിത്രത്തിൽ ഫ്രയ്മുകൾ, അവയിലെ ലൈറ്റിങ്ങുകളുമെല്ലാം ചിത്രത്തിന്റെ ദൃശ്യ നിലവാരത്തെ ഉയർത്തുന്നുണ്ട്. ഒരു ഹൊറർ ത്രില്ലർ മൂഡ് സൃഷ്ടിക്കുന്നതിൽ രാഹുൽ രാജിന്റെ സംഗീതവും പ്രധാന പങ്ക് വഹിക്കുന്നു. കഥപറച്ചിലിന്റെ നിലവാരം മികച്ചതാക്കുവാൻ സംവിധായൻ സാങ്കേതിക തലങ്ങളിൽ പലയിടങ്ങളിലായി സൂക്ഷ്മത പുലർത്തിയിട്ടുണ്ട്. ഒട്ടും മുഷിപ്പിക്കാതെയുള്ള കഥപറച്ചിൽ ശൈലിയിലാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. പറയുന്ന കഥയിൽ നിന്ന് വഴിവിട്ടു പോകാതെ പ്രേക്ഷകനെ കഥയുടെ താളത്തിനൊത്ത് സഞ്ചരിപ്പിക്കുന്നതിൽ തിരക്കഥാകൃത്തുക്കളായ ദീപുവിനും,ശ്യാമിനും വിജയകരമായി സാധിച്ചു.

മമ്മൂട്ടി എന്ന നടൻ തന്റെ അപാര സ്ക്രീൻ പ്രെസെൻസ് ഒരിക്കൽ കൂടി അതിന്റെ പൂർണതയിലേക്ക് എത്തിച്ച സിനിമയാണ് ദി പ്രീസ്റ്റ്.
ഇത്തവണ വെറുമൊരു മാസ്സ് കഥാപാത്രമല്ല, നിഗൂഢതകളുടെ കുരുക്കഴിക്കുന്ന ഒരു പുരോഹിതനായാണ് മമ്മൂട്ടി പ്രേക്ഷകർക്ക് മുന്നിലേക്ക് വരുന്നത്. ഏത് കഥാപാത്രത്തിനും തന്റേതായ ശരീര ഭാഷ്യം നൽകുന്ന മമ്മൂട്ടി എന്ന നടന്റെ മറ്റൊരു വേറിട്ട വേഷപ്പകർച്ചയാണ് ഫാദർ ബെനഡിക്ക്റ്റ്. നിഗൂഢതകളിൽ മറഞ്ഞു നിൽക്കുന്ന സത്യത്തിന്റെ ചുരുളഴിക്കാൻ പോകുന്ന പുരോഹിതനായി മമ്മൂട്ടി ആദ്യ അവസാനം വരെ വിസ്മയിപ്പിക്കുന്നുണ്ട് ചിത്രത്തിൽ. കൂറ്റൻ സംഭാഷണങ്ങളില്ലാതെ മൗനത്തിൽ പോലും ഒരായിരം ഉത്തരങ്ങൾ കൊണ്ടുനടക്കുന്ന ഇത്തരമൊരു കഥാപാത്രം മമ്മൂട്ടി മുൻപ് അവതരിപ്പിച്ചിട്ടില്ല.

അമേയ എന്ന കഥാപാത്രം അവതരിപ്പിച്ച ബേബി മോണിക്ക പ്രകടനത്തിൽ മികച്ചു നിൽക്കുന്നുണ്ട് ചിത്രത്തിൽ. കഥാപാത്രത്തിന്റെ ഗൗരവവും,ചിരിയും, സംഭാഷണവുമെല്ലാം കൈയ്യടക്കത്തോടെ ബേബി മോണിക്ക എന്ന കൊച്ചു മിടുക്കി ചെയ്തിരിക്കുന്നു. അൽപ്പമൊന്ന് കൂടിയാലോ കുറഞ്ഞാലോ കഥാപാത്രത്തിന്റെ നിഗൂഢത ചോർന്ന് പോകുമായിരുന്ന സന്ദർഭങ്ങളിൽ പോലും ബേബി മോണിക്ക സമർത്ഥമായി അതിനെയെല്ലാം മറികിടക്കുന്നുണ്ട്. മഞ്ജു വാരിയർ തന്റെ കഥാപാത്രത്തെ അതിന്റെ വ്യത്യസ്ഥത നിലനിർത്തിക്കൊണ്ട് തന്നെ അവതരിപ്പിച്ചു. മറ്റ് നായികമാരിൽ നിഖില വിമലും, സാനിയ ഇയ്യപ്പനുമാണുള്ളത്. ഒപ്പം മറ്റ് നടന്മാരായ ജഗദീഷ്, ടി.ജി രവി,മധുപാൽ, രമേശ് പിഷാരടി, വെങ്കിടേഷ് വി.പി എന്നിവരെല്ലാം അവരുടെ കഥാപാത്രം ഭംഗിയായി അവതരിപ്പിച്ചു.

cp-webdesk

null