Cinemapranthan

രാഷ്ട്രീയപാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിൻമാറി രജനികാന്ത്; കാരണം ആരോഗ്യപ്രശ്നം

ഡിസംബർ 31ന് പാർട്ടി പ്രഖ്യാപിക്കുമെന്നാണ് നേരത്തെ രജനികാന്ത് അറിയിച്ചിരുന്നത്

null

രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്. ആരോഗ്യപരമായ കാരണങ്ങളാലാണ് രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിന്മാറുന്നതെന്ന് താരം പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. കടുത്ത നിരാശയോടെയാണ് താനീ തീരുമാനം അറിയിക്കുന്നതെന്നും രജനികാന്ത് പ്രസ്താവനയിൽ പറഞ്ഞു. കടുത്ത രക്തസമ്മർദ്ദത്തെത്തുടർന്ന് ആരോഗ്യനില മോശമായ രജനീകാന്തിനെ ‘അണ്ണാത്തെ’ എന്ന ചിത്രത്തിന്‍റെ സെറ്റിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ട്വിറ്ററിൽ ആണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും രാഷ്ട്രീയത്തിലിറങ്ങാതെ തന്നെ ജനങ്ങളെ സേവിക്കുമെന്നും രജനീകാന്ത് വ്യക്തമാക്കുന്നു.

ഡിസംബർ 31ന് പാർട്ടി പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ജനുവരിയില്‍ സജീവ പ്രവര്‍ത്തനം തുടങ്ങുമെന്നും തമിഴ്നാട്ടില്‍ അത്ഭുതം സംഭവിക്കുമെന്നും രജനീകാന്ത് പറഞ്ഞിരുന്നു. രണ്ടു വർഷങ്ങൾക്കു മുൻപ് ആണ് രജനി മക്കൾ മൻട്രം രൂപീകരിച്ചത്. ആധ്യാത്മികതയുടെ രാഷ്ട്രീയമായിരിക്കും തന്റേതെന്നാണ് രജനികാന്ത് വ്യക്തമാക്കിയത്. തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ യുഗത്തിന് തുടക്കമായെന്നടക്കം പറഞ്ഞ് രജനി മക്കൾ മൻട്രം അടക്കം ആരാധകസംഘടനകൾ വലിയ പ്രതീക്ഷയോടെയാണ് രാഷ്ട്രീയപ്രവേശം കാത്തിരുന്നത്.

എന്നാൽ 2016ൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായതും പ്രായവും മറ്റും പരിഗണിച്ച് കോവിഡ് പിടിപെടാൻ സാധ്യതയുള്ള സാഹചര്യങ്ങൾ പൂർണമായി ഒഴിവാക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരുന്നു. അതോടെയാണ് രാഷ്ട്രീയത്തിൽ നിന്നു വിട്ടു നിൽക്കാൻ രജനി തീരുമാനിച്ചത്. രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെത്തുടർന്ന് 3 ദിവസം ഹൈദരാബാദ് അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം. ഡിസംബർ 26നാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. ഇതിനു പിന്നാലെയാണ് രജനിയുടെ രാഷ്ട്രീയ പിന്മാറ്റ പ്രഖ്യാപനം.

cp-webdesk

null