“ആകാശമായവളേ, അകലെ പറന്നവളേ, ചിറകായിരുന്നല്ലോ നീ…. അറിയാതെ പോയന്നു ഞാൻ….”. ജയസൂര്യ നായകനായ ‘വെള്ളം’ എന്ന ചിത്രത്തിലെ ഗാനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ബിജിബാൽ ഈണം നൽകിയ ഗാനം ആലപിച്ചത് ഷഹബാസ് അമൻ ആണ്. ഇപ്പോഴിതാ ഗാനത്തെക്കുറിച്ച് ഷഹബാസ് അമൻ സമൂഹ മാധ്യമത്തിൽ പങ്കു വെച്ച ഹൃദയസ്പർശിയായ കുറിപ്പാണു ശ്രദ്ധയാകുന്നത്.
“ഇത് പാടുമ്പോൾ ബിജി തന്നെയാണ് ഉള്ളിലിരുന്ന് പാടുന്നതെന്ന് തോന്നി! ചില നേരത്തെ ഉത്തരം കൊടുക്കാൻ കഴിയാത്ത അവന്റെ നോട്ടങ്ങൾ കൊണ്ടാണ് ഇതിന്റെ പല കുനുപ്പുകളും പൂരിപ്പിച്ചത്! അത്കൊണ്ട് ഞങ്ങളുടെ തെളിഞ്ഞ ആകാശമേ… ശാന്തീ, ഇത് നിനക്കല്ലാതെ മറ്റാർക്ക് സമർപ്പിക്കാനാണ്,” ഫേസ് ബുക്കിൽ ഗാനം പങ്കുവച്ച് കൊണ്ട് ഷഹബാസ് അമൻ കുറിച്ചു. സംഗീത സംവിധായകന്‍ ബിജി ബാലിന്റെ ഭാര്യയും പ്രമുഖ നര്‍ത്തകിയും നൃത്താദ്ധ്യാപികയും ഗായികയുമായ ശാന്തി വിട പറഞ്ഞിട്ട് നാല് വർഷമായി.

ചിത്രത്തിലെ ഏറെ പ്രാധാന്യമുള്ള ഗാനം രചിച്ചിരിക്കുന്നത് നിധീഷ് നടേരിയാണ്. യൂട്യുബിലും ശ്രദ്ധ നേടിയ ഗാനവും സിനിമയും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. പ്രജേഷ് സെൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.